യുഎഇയിലെ അറിയപ്പെടുന്ന ഡ്രാഗ് റേസറും സോഷ്യൽ മീഡിയ താരവുമായ ഹംദ തര്യാമിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടിയിരിക്കുകയാണ് ആരാധകർ. 24 വയസുകാരിയായ ഹംദ ശനിയാഴ്ച രാവിലെയാണ് മരിച്ചത്.
നെറ്റ്ഫ്ലിക്സിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ‘ദ ഫാസ്റ്റസ്റ്റ്’ എന്ന ഷോയിലൂടെയാണ് നിരവധിപ്പേർ യുഎഇയിലും പുറത്തും ഹംദയെ അറിഞ്ഞു തുടങ്ങിയത്. ബൈക്ക് റേസർക്ക് പുറമെ സംരംഭകയും മനുഷ്യസ്നേഹിയുമായിരുന്ന ഹംദ, തന്റെ വരുമാനം ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽ ഒരു സ്കൂളും ആശുപത്രിയും സ്ഥാപിക്കാനാണ് ഉപയോഗിച്ചത്.
ഹംദ തർയമിന്റെ മരണത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും അവരുടെ കുടുംബം പുറത്തുവിട്ടിട്ടില്ല. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന ഹംദ കഴിഞ്ഞ ദിവസവും പുതിയ പോസ്റ്റുകളിട്ടിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം 5.58നാണ് അവസാനമായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹംദയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടിയിരിക്കുകയാണ് സോഷ്യൽമീഡിയ.