കണ്ണൂർ ശ്രീകണ്ഠാപുരം ചെങ്ങളായിയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് നിധി ലഭ്യമായത്. മഴക്കുഴി നിർമ്മിക്കുന്നതിനിടെ ലഭിച്ച ഓട്ടുപാത്രത്തിലായിരുന്നു നിധി. സ്വർണ ലോക്കറ്റുകളും നാണയങ്ങളും മുത്തുകളുമാണ് കണ്ടെത്തിയത്. ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായി ഗവ.എൽപി സ്കൂളിനടുത്തുള്ള സ്വകാര്യ ഭൂമിയിലാണ് സംഭവം.
ആദ്യഘട്ടത്തിൽ ബോംബാണെന്ന് കരുതി ഭയന്നെന്ന് തൊഴിലാളികൾ പറയുന്നു. സ്വർണം കണ്ടെത്തിയതോടെ ഇവർ പഞ്ചായത്തിനെ അറിയിച്ചു. 17 മുത്തുമണികൾ, 13 സ്വർണ പതക്കങ്ങൾ, കാശുമാലയുടെ ഭാഗമെന്നു കരുതുന്ന നാല് പതക്കങ്ങൾ, പഴയകാലത്തെ അഞ്ച് മോതിരങ്ങൾ, വെള്ളിനാണയങ്ങൾ എന്നിവയാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം കുഴിയെടുത്തതിന് സമീപത്തുനിന്ന് വീണ്ടും നാണയങ്ങളും ആഭരണ ഭാഗങ്ങളും ലഭ്യമായിരുന്നു.
അതേസമയം നിധി പൊലീസ് തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. കോടതിയുടെ കൈവശമുള്ള ഈ വസ്തുക്കൾ പുരാവസ്തു വകുപ്പ് വിശദമായി പരിശോധിച്ചുവരികയാണ്. ആഭരണങ്ങളുടെ കാലപ്പഴക്കവും പരിശോധനയ്ക്ക് വിധേയമാക്കും. അതേസമയം കണ്ടെത്തിയവ സ്വർണമാണോയെന്നും ശാസ്ത്രീയമായി ഉറപ്പിക്കേണ്ടതുണ്ട്. 18 തൊഴിലുറപ്പ് തൊഴിലാളികളാണ് ഇവിടെ മഴക്കുഴി നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നത്.