യുഎഇയിൽ ഗതാഗതക്കുരുക്കുകൾ ദിനംപ്രതി വർധിച്ചുവരികയാണ്. പലപ്പോഴും ഓഫീസ് സമയങ്ങളിൽ മണിക്കൂറുകളോളം റോഡിൽ ചിലവഴിക്കേണ്ട അവസ്ഥയിലാണ് ജനങ്ങൾ. ഇതിനൊരു പരിഹാര മാർഗം എന്ന നിലയിൽ പറക്കും ട്രാഫിക് സിഗ്നലുകളാണ് യുഎഇയിലെ നിറത്തുകളിൽ ഇറങ്ങാൻ പോകുന്നത്.
രാജ്യത്തിന്റെ റോഡുകളിലെ മിക്ക ജംങ്ഷനുകളിലും ട്രാഫിക് സിഗ്നലുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ സിഗ്നലുകൾ ഇല്ലാത്ത സ്ഥലങ്ങളിലും സിഗ്നൽ തകരാറിലായ സമയങ്ങളിലും ട്രാഫിക് നിയന്ത്രിക്കുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്. ഈ സമയത്ത് അടിയന്തരമായി താൽക്കാലിക ട്രാഫിക് സിഗ്നലായി പ്രവർത്തിക്കുന്നതിനാണ് സ്മാർട്ട് ട്രാഫിക് സിഗ്നൽ ഡ്രോൺ ഉപയോഗിക്കുക.
ഇന്നലെ ദുബായിൽ ആരംഭിച്ച ലോക പോലീസ് ഉച്ചകോടിയിൽ (ഡബ്ല്യുപിഎസ്) ആണ് ഈ പറക്കും സിഗ്നൽ ഡ്രോൺ അവതരിപ്പിച്ചത്. ഈ 3ഡി പ്രിൻ്റഡ് ട്രാഫിക് സിഗ്നൽ ഒറ്റ ചാർജിൽ 25 മിനിറ്റ് വരെയാണ് പ്രവർത്തിക്കുക. അതായത് അടിയന്തര ഘട്ടങ്ങളിൽ പോലീസ് പട്രോളിംഗ് സംഘം പ്രദേശത്ത് എത്തുന്നതുവരെ. അധികംവൈകാതെ കൂടുതൽ പറക്കും സിഗ്നലുകൾ നിർമ്മിച്ച് രാജ്യത്തെ ഗതാഗതം സുഗമമാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ് അധികൃതർ.