അബുദാബിയിൽ ഇനി ട്രാഫിക് പിഴകൾ പലിശരഹിത തവണകളായി അടയ്ക്കാം. ഇതിനായി ഈസി പേയ്മെന്റ് സേവനം ആരംഭിച്ചിരിക്കുകയാണ് അബുദാബി ഗതാഗത വകുപ്പ്. മൂന്ന് മാസം, ആറ് മാസം, ഒമ്പത് മാസം അല്ലെങ്കിൽ 12 മാസം എന്നിങ്ങനെയുള്ള തവണകളായാണ് പിഴകൾ അടയ്ക്കാൻ സാധിക്കുക.
പലിശയോ ലാഭമോ ഇല്ലാതെ നിശ്ചിത കാലയളവുകളിൽ തവണകളായി പേയ്മെന്റുകൾ അടയ്ക്കാൻ കഴിയും. ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി കൊമേഴ്ഷ്യൽ ബാങ്ക്, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക് എന്നിവയിൽ നിന്നുള്ള ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കും. 2024ന്റെ ആദ്യ പകുതിയോടെ കൂടുതൽ ബാങ്കുകളെ പദ്ധതിയിലേയ്ക്ക് ഉൾപ്പെടുത്താനാണ് ഐടിസിയുടെ ലക്ഷ്യമെന്ന് മുനിസിപ്പാലിറ്റി ആന്റ് ട്രാൻസ്പോർട്ട് വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ അറിയിച്ചു.
ഉപഭോക്താക്കൾക്ക് ടി.എ.എം.എം സേവന കേന്ദ്രങ്ങൾ വഴിയോ അബുദാബി സിറ്റി മുനിസിപ്പാലിറ്റിയുടെയും അൽ ഐൻ സിറ്റി മുനിസിപ്പാലിറ്റിയുടെയും ആസ്ഥാനത്തുള്ള കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ വഴിയോ പിഴ തുക അടയ്ക്കാൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.