റിയാദിൽ നടക്കാനിരിക്കുന്ന എക്സ്‌പോ 2030-ന്റെ ഭാഗമായി സൗദിയിൽ രണ്ടര ലക്ഷം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെടുമെന്ന് വിലയിരുത്തൽ. ഗ്ലോബൽ ലേബർ മാർക്കറ്റ് കോൺഫറൻസിൽ വെച്ച് ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ആഗോള പ്രദർശനത്തോടനുബന്ധിച്ച് ഹോട്ടൽ മേഖലയുമായി ബന്ധപ്പെട്ട 1,000 ജോലികളും രണ്ടര ലക്ഷം തൊഴിലവസരങ്ങളിൽ ഉൾപ്പെടും. ടൂറിസം മേഖലയിൽ നിന്നുള്ള മൊത്ത ആഭ്യന്തര ഉല്പാദനം 2030-ഓടെ മൂന്ന് ശതമാനത്തിൽ നിന്ന് 10 ശതമാനമായി ഉയർത്തുകയും ഒരു ദശലക്ഷം അധിക തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുകയും ചെയ്യാനാണ് ശ്രമിക്കുന്നത്. ആഗോള തൊഴിൽ വിപണിയുടെ 10 ശതമാനത്തെ പ്രതിനിധീകരിക്കുന്നത് ട്രാവൽ ആന്റ് ടൂറിസം മേഖലയാണെന്നും മന്ത്രി പറഞ്ഞു.
വിനോദസഞ്ചാര മേഖല ആഗോളതലത്തിൽ തൊഴിൽ വിപണിയിൽ 10 ശതമാനം തൊഴിലവസരങ്ങൾ നൽകുന്നുണ്ടെന്നും ഭാവിയിലെ വളർച്ചയ്ക്കുള്ള പ്രധാന മേഖലകളിലൊന്നാണിതെന്നും അൽ ഖത്തീബ് വ്യക്തമാക്കി. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽറാജ്ഹി സമ്മേളനം ഉദ്ഘാടനം ചെയ്‌തു. 40-ലധികം രാജ്യങ്ങളിൽ നിന്നുള്ള 6,000-ലധികം പ്രതിനിധികൾ കോൺഫറൻസിൽ പങ്കെടുക്കുന്നുണ്ട്.