മലയാള സിനിമയുടെ പെരുന്തച്ചന്റെ ഓർമ്മകൾക്ക് ഇന്ന് 11 വയസ്; ഓർമ്മ പുതുക്കി മോഹൻലാൽ

Date:

Share post:

മലയാള സിനിമയുടെ പെരുന്തച്ചൻ തിലകൻ ഓർമ്മകൾക്ക് ഇന്ന് 11 വർഷം. തിലകന്റെ ഓർമ്മ ദിനത്തിൽ അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ. അനശ്വര നടൻ തിലകന് ഓർമ്മപ്പൂക്കൾ എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. തിലകനും മോഹൻലാലും ചേർന്നഭിനയിച്ച മിക്ക ചിത്രങ്ങളും സൂപ്പർഹിറ്റുകളായിരുന്നു. ഇരുവരുടെയും കെമിസ്ട്രി അത്രത്തോളമുണ്ടായിരുന്നു. ഇരുവരും ചേർന്ന് അച്ഛനും മകനുമായി ഇഴുകിച്ചേർന്ന് അഭിനയിച്ച ചിത്രങ്ങൾ എക്കാലവും വെള്ളിത്തിരയിൽ ഓർത്തിരിക്കുന്നവയുമാണ്.

അച്ഛൻ വേഷങ്ങളിൽ തിലകനെപ്പോലെ തിളങ്ങിയ നടൻ വേറെയുണ്ടാകില്ല. കർക്കശക്കാരനും വാത്സല്യനിധിയുമായ അച്ഛനായി തിലകൻ സിനിമകളിൽ നിറഞ്ഞുനിന്നു. മോഹൻലാൽ-തിലകൻ കോമ്പിനേഷനിലുള്ള ചിത്രങ്ങൾ തിയറ്ററുകളിൽ കയ്യടിക്കൊപ്പം കണ്ണീരും സൃഷ്ടിച്ചു. അവസാന നിമിഷം വരെ അഭിനയത്തിനും സിനിമയ്ക്കുമായി ജീവിതം സമർപ്പിച്ച വ്യക്തിയായിരുന്നു തിലകനെന്ന സുരേന്ദ്രനാഥ തിലകൻ. തിലകൻ ഇല്ലാതെ മലയാള സിനിമ സുഗമമായി മുന്നോട്ടു പോയെങ്കിലും അദ്ദേഹത്തിലൂടെ ജനിക്കുമായിരുന്ന നിരവധി കഥാപാത്രങ്ങൾ ഇല്ലതെപോയി എന്ന സത്യത്തെ അംഗീകരിക്കാതിരിക്കാൻ കഴിയില്ല.

2012 സെപ്തംബർ 24നായിരുന്നു തിലകൻ ഈ ലോകത്ത് നിന്നും വിടപറഞ്ഞത്. വൈവിധ്യമാർന്ന വേഷങ്ങൾ കൊണ്ടും സൂക്ഷ്മമായ അഭിനയംകൊണ്ടും അദ്ദേഹം ആരാധകരുടെ മനസിൽ പറിച്ചുമാറ്റാനാകാത്ത വിധം ഇടംപിടിച്ചു. നായകനായും പ്രതിനായകനായും കൊമേഡിയനായുമെല്ലാം ഒരേസമയം കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിയ പ്രതിഭയായിരുന്നു അദ്ദേഹം. അക്കാലത്തെ മിക്ക നടന്മാരെയും പോലെ തിലകൻ തന്റെ കലാജീവിതം തുടങ്ങിയത് നാടകങ്ങളിലൂടെയായിരുന്നു. 1956-ൽ പഠനം ഉപേക്ഷിച്ച് പൂർണ്ണസമയ നാടകനടനായി. ഇക്കാലത്ത് സുഹൃത്തുക്കളോടൊപ്പം അദ്ദേഹം മുണ്ടക്കയം നാടകസമിതി എന്ന പേരിൽ ഒരു നാടകസമിതി നടത്തിയിരുന്നു. മറ്റൊരു അഭിനയ പ്രതിഭയായിരുന്ന പി.ജെ.ആന്റണിയുടെ ഞങ്ങളുടെ മണ്ണാണ് എന്ന നാടകം സംവിധാനം ചെയ്തുകൊണ്ടാണ് തിലകൻ നാടക സംവിധാനത്തിലേക്ക് കടക്കുന്നത്.

1966 വരെ കെപിഎസിയിലും തുടർന്ന് കാളിദാസ കലാകേന്ദ്ര, ചങ്ങനാശേരി ഗീത എന്നീ സമിതികളിലും പി.ജെ.ആന്റണിയുടെ സമിതിയിലും പ്രവർത്തിച്ചു. 18 ഓളം പ്രൊഫഷണൽ നാടകസംഘങ്ങളിലെ മുഖ്യ സംഘാടകനായിരുന്നു തിലകൻ. 10,000 ത്തോളം വേദികളിൽ വിവിധ നാടകങ്ങളിൽ അഭിനയിച്ചു. 43 നാടകങ്ങൾ സംവിധാനം ചെയ്തു. 1979ൽ പുറത്തിറങ്ങിയ ഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് തിലകൻ സിനിമാ രംഗത്തേക്ക് അരങ്ങേറുന്നത്. 1981-ൽ കോലങ്ങൾ എന്ന ചിത്രത്തിൽ മുഴുക്കുടിയനായ കള്ളുവർക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് അദ്ദേഹം പ്രധാനവേഷങ്ങളിലേക്കു കടന്നു. യവനിക, കാട്ടുകുതിര, കിരീടം, മൂന്നാംപക്കം, സ്ഫടികം, ഗമനം, സന്താനഗോപാലം, ഋതുഭേദം, ഉസ്താദ് ഹോട്ടൽ, രണ്ടാം ഭാവം, ഉസ്താദ് ഹോട്ടൽ, ഇന്ത്യൻ റുപ്പീ എന്നിവ തിലകന്റെ അഭിനയജീവിതത്തിലെ സുപ്രധാന ചിത്രങ്ങളാണ്.

എവിടെയും തലകുനിക്കാത്ത പോരാളിയായിരുന്നു തിലകൻ. പലരും അദ്ദേഹത്തെ ധിക്കാരിയായി മുദ്രകുത്തിയതും ഈ സ്വഭാവ വിശേഷം കൊണ്ടായിരുന്നു. മലയാള സിനിമയിൽ നിന്ന് പോലും വിലക്ക് നേരിട്ടപ്പോഴും തലകുനിക്കാതെ തന്റെ നിലപാടിൽ ഉറച്ചുനിന്ന വ്യക്തിത്വമായിരുന്നു തിലകൻ. രണ്ട് പ്രാവശ്യം മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം, മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം, ദേശീയ സ്പെഷ്യൽ ജൂറി പുരസ്കാരം, 2012-ൽ ഉസ്താദ് ഹോട്ടലിലെ അഭിനയത്തിന് പ്രത്യേക പരാമർശം, ആറ് തവണ മികച്ച സഹനടനുള്ള സംസ്ഥാന പുരസ്കാരം എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ തിലകന് ലഭിച്ചു. 2009-ൽ പത്മശ്രീ നല്കി രാഷ്ട്രം ഈ അതുല്യ കലാകാരനെ ആദരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഇതാണ് ഇന്ദ്രൻസ്; നേട്ടങ്ങളിലേക്ക് വഴി തേടിയ മനുഷ്യൻ

ആകെ അറിയാവുന്നത് തയ്യൽപ്പണി..വിദ്യാഭ്യാസം നന്നേ കുറവ്, ശരീരപ്രകൃതവും അത്ര പോരാ..കൊടക്കമ്പിയെന്ന വിളിപ്പേരും ബാക്കി ചുറ്റുമുളളത് നിസഹായതയുടേയും അടിച്ചമർത്തലിൻ്റേയും ഒക്കെ പശ്ചാത്തലം, എന്നാൽ ഏതൊരാളും തളർന്നു...

അനശ്വര നടൻ ജയന് പുനർജന്മം ; എഐ വിദ്യയിലൂടെ കോളിളക്കം -2

കോളിളക്കം രണ്ടാം ഭാഗം എന്ന പേരിലിറങ്ങിയ വീഡിയോയിൽ അനശ്വര നടൻ ജയൻ്റെ സാന്നിധ്യം. എഐ വിദ്യയിലൂടെ ജയനെ കഥാപാത്രമാക്കിയ വീഡിയോയാണ് പുറത്തെത്തിയത്. ‘ലൂസിഫർ’ സിനിമയിലെ അബ്റാം...

ജേക്ക് പോൾ ഇടിച്ചിട്ടു; ബോക്സിങ് ഇതിഹാസം മൈക്ക് ടൈസന് തോൽവി

ബോക്സിങ് റിങ്ങിലേക്കുള്ള തിരിച്ചുവരവിൽ ഇതിഹാസ താരത്തെ കാത്തിരുന്നത് തോൽവി. ജേക്ക് പോളുമായുള്ള ഹെവിവെയ്റ്റ് പോരാട്ടത്തിൽ ഇടക്കൂട്ടിലെ ഇതിഹാസമായ മൈക്ക് ടൈസന് പരാജയം. എട്ടു റൗണ്ടുകളിലും...

സന്ദീപ് വാര്യർ കോൺഗ്രസിൽ; ഷാൾ അണിയിച്ച് സുധാകരനും സതീശനും

ബിജെപി നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ സന്ദീപ്‌ വാര്യർ കോൺഗ്രസിൻ്റെ കൈപിടിച്ചു. ബിജെപി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിൽക്കുകയായിരുന്നു സന്ദീപ്‌ വാര്യർ....