അടി മുടി സൗന്ദര്യം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. മുടി ചീവിയൊതുക്കി കണ്ണെഴുതി കാതിൽ കമ്മലിട്ട് ചുണ്ടിൽ ചായം തേച്ച്… അങ്ങനെ അങ്ങനെ പോകുന്നു സൗന്ദര്യവൽക്കരിക്കുന്നതിന്റെ വിവിധ സ്റ്റെപ്പുകൾ. ഇത് മാത്രമല്ല, ഇപ്പോൾ സൗന്ദര്യവൽക്കരണ പ്രോഡക്ടുകൽ ഇഷ്ടം പോലെ ലഭിക്കുകയും ചെയ്യും. വില കുറഞ്ഞത് മുതൽ വില കൂടിയാൽ ബ്രാൻഡഡ് വസ്തുക്കൾ വരെ മാർക്കറ്റിൽ ലഭ്യമാണ്.
അത്തരത്തിൽ ശരീര സൗന്ദര്യ സംരക്ഷണ ഉൽപ്പന്നങ്ങളുടെ പ്രദർശനവും പരിചയപ്പെടുത്തലുമൊക്കെയായി റിയാദിൽ ബ്യുട്ടി വേൾഡ് 2024ന് തുടക്കം കുറിച്ചിട്ട് രണ്ട് ദിവസമായി. 35 രാജ്യങ്ങളിൽ നിന്നായി 300-ലധികം ബ്രാൻഡുകൾ ബ്യൂട്ടിവേൾഡിൽ പങ്കെടുക്കാൻ റിയാദിലെത്തിയിട്ടുണ്ട്. ശരീര സൗന്ദര്യം, സുഗന്ധം, മുടിയഴക്, കേശാരോഗ്യം, നഖ സൗന്ദര്യം തുടങ്ങി സൗന്ദര്യ വർദ്ധക സംരക്ഷണവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ പ്രദർശനമേളയാണ് റിയാദിൽ 11, 12, 13 തിയതികളിലായി നടക്കുക.
റിയാദ് ഇൻറർനാഷനൽ കൺവെൻഷൻ ആൻഡ് കൺവെൻഷനിൽ മൂന്ന് ദിവസവും ഉച്ചയ്ക്കുശേഷം രണ്ട് മണി മുതൽ രാത്രി 10 വരെയാണ് മേള നടക്കുന്നത്. ഓൺലൈൻ വഴിയും നേരിട്ടും രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാനുള്ള അവസരം സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. സൗദി അറേബ്യയിലെ ചെറുകിട വൻകിട കച്ചവടക്കാർക്കും ഈ രംഗത്തെ ഇറക്കുമതി കയറ്റുമതി ചെയ്യുന്നവർക്കും വിവിധ രാജ്യങ്ങളിലെ ഡീലർമാരെയും ഉൽപ്പന്നങ്ങളെയും കാണാനും പരിചയപ്പെടാനുമുള്ള മികച്ച അവസരമാണ് ബ്യൂട്ടി വേൾഡ് എക്സിബിഷൻ.
സൗന്ദര്യ വർദ്ധക പരീക്ഷണ മേഖലയിലുണ്ടായ മാറ്റങ്ങളുമായും അത്യാധുനിക ചികിത്സ സംവിധാനങ്ങളുമായും ബന്ധപ്പെട്ട മരുന്നും മെഷിനറികളും മേളയിലുണ്ട്. മാത്രമല്ല, വിഖ്യാത ബ്യൂട്ടീഷന്മാരും അവരുടെ നേതൃത്വത്തിൽ സെമിനാറുകളും നടക്കുന്ന മേള ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമാണ്. ബംഗളുരു, മൈസൂർ ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ഊദും ഊദ് ഉത്പന്നങ്ങളും പരിചയപ്പെടുത്താൻ ഒരു സംഘവും മേളയിൽ എത്തിയിട്ടുണ്ട്.
ആധുനിക ബ്യൂട്ടിപാർലറുകൾ ആരംഭിക്കാൻ ആവശ്യമായ നിർദേശങ്ങളും ഉത്പന്നങ്ങളും വിദഗ്ദ്ധരും മേളയിലെ മറ്റൊരു ആകർഷണമാണ്. കൂടാതെ നിക്ഷേപമിറക്കാൻ താൽപര്യമുള്ളവർക്കും സ്റ്ററാർട്ടപ്പ് തുടങ്ങാൻ ആഗ്രഹിക്കത്തന്നവർക്കും വലിയ രീതിയിലുള്ള അറിവ് പകരുന്ന സംവിധാനം ഇവിടെ സജ്ജമാണ്.