മലയാളിയെ കുടുക്കുടെ ചിരിപ്പിച്ച ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് വിട പറഞ്ഞിട്ട് ഒരു വർഷം. ടെലിവിഷൻ പരിപാടികളിലൂടെയാണ് സുബി സുരേഷിനെ മലയാളികൾ ഏറ്റെടുത്തത്. ഒന്നാം വാർഷികത്തിൽ താരത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ടിനി ടോം.
സുബി …സഹോദരി ..നീ പോയിട്ടു ഒരു വർഷം ആകുന്നു ..ഫോണിൽ നിന്നും നിന്റെ പേര് ഞാൻ ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല ,ഇടയ്ക്കു വരുന്ന നിന്റെ മെസ്സേജുകളും കോളുകളും ഒന്നും ഇല്ലെങ്കിലും നീ ഒരു വിദേശ യാത്രയിൽ ആണെന്ന് ഞാൻ വിചാരിച്ചോളാം ,നിന്നേ ആദ്യമായി ഷൂട്ടിങ്ങിനു കൊണ്ടുപോയത് ഞാൻ ഇന്നും ഓർക്കുന്നു നിന്റെ അവസാന യാത്രയിലും ഞാൻ കൂടെ ഉണ്ടായിരിന്നു.
കലാഭവൻ മലയാളത്തിന് സമ്മാനിച്ച അതുല്യ കലാകാരി ആയിരുന്നു തൃപ്പൂണിത്തുറ സ്വദേശിയായ സുബി. പുരുഷമേൽക്കോയ്മയുണ്ടായിരുന്ന കോമഡി രംഗത്ത് തന്റേതായ ഇടം നേടിയ താരമാണ് സുബി സുരേഷ്. സ്റ്റേജ് ഷോകളിൽ നിറ സാന്നിധ്യമായിരുന്ന സുബി മികച്ച പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. ഒട്ടേറെ സിനിമകളിലും സീരിയലുകളിലും വേഷമിട്ടു. ടെലിവിഷൻ ഷോകളിലൂടെയാണ് സുബി ജനപ്രിയയാകുന്നത്. പ്രതിസന്ധികളിൽനിന്ന് ദൃഢനിശ്ചയവും സ്ഥിരോൽസാഹവും കൊണ്ട് ഉയർന്നുവന്ന അഭിനേത്രിയായിരുന്നു സുബി സുരേഷ്.