സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും അടുത്ത വെള്ളിയാഴ്ച വരെ ഇടിമിന്നലിനുള്ള സാധ്യത തുടരുമെന്ന് കാലാവസ്ഥാ റിപ്പോർട്ടുകൾ.കാലാവസ്ഥാ പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ, സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് പൗരന്മാരോടും താമസക്കാരോടും ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കാനും വിവിധ മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ച നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും കർശനമായി പാലിക്കാനും ആഹ്വാനം ചെയ്തു.
ഇടിമിന്നലുള്ള സമയത്ത് എല്ലാവരും സുരക്ഷിതമായ സ്ഥലങ്ങളിൽ കഴിയേണ്ടതും തോടുകൾ, ചതുപ്പുകൾ, താഴ്‌വരകൾ, വെള്ളം കൂടുന്ന മറ്റ് സ്ഥലങ്ങൾ എന്നിവ ഒഴിവാക്കേണ്ടതും ആവശ്യമാണെന്ന് സിവിൽ ഡിഫൻസ് പറഞ്ഞു.
മക്ക, അസീർ, ജസാൻ, അൽ-ബഹ എന്നീ പ്രദേശങ്ങളിൽ കനത്ത മഴ ഉണ്ടായേക്കുമെന്നും മുന്നറിയിപ്പുണ്ട്. മക്ക മേഖലയിൽ തായിഫ്, അൽ ജുമും, ബഹ്‌റ, അൽ ഖുൻഫുദ, അൽ-ലിത്, അൽ-കാമിൽ, ഖുലൈസ്, മെയ്‌സാൻ, അദം, അൽ-അർദിയാത്ത് എന്നിവിടങ്ങളിൽ മഴ പ്രതീക്ഷിക്കുന്നു. വാദി അദ്-ദവാസിർ, അസ് സുലൈയിൽ, അൽ ഖുവൈയ്യ, അഫീഫ്, അൽ അഫ്ലാജ്, അൽ മുവായ്, അൽ ഖുർമ, റന്യാഹ് എന്നി പ്രദേശങ്ങളിലും കനത്ത മഴയും കാറ്റും ഉണ്ടായേക്കും.