വയനാട്ടിൽ നിന്നുള്ള വനിത ക്രിക്കറ്റർമാരായ മിന്നു മണിക്കും സജനയ്ക്കും ശേഷം ലോകശ്രദ്ധ നേടാൻ ഒരുങ്ങുകയാണ് മൂന്ന് സഹോദരിമാർ. ഇവർ എത്തുന്നത് ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനല്ല, നേരെ മറിച്ച് യുഎഇയുടെ കരുത്ത് ലോകത്തെ അറിയിക്കാനാണ് ഈ സഹോദരിമാർ ക്രീസിലിറങ്ങുക. ഏഷ്യാകപ്പ് വനിതാ ടി20 ക്രിക്കറ്റ് ടൂർണമെന്റിനുള്ള യുഎഇയുടെ 15 അംഗ ടീമിലാണ് മലയാളികളായ സഹോദരങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്.
സുൽത്താൻ ബത്തേരി സ്വദേശികളായ റിതികാ രജിത്, റിനിതാ രജിത്, റിഷിതാ രജിത് എന്നിവരാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ യുഎഇയെ പ്രതിനിധീകരിക്കുന്നത്. മൂന്ന് വർഷമായി യുഎഇയുടെ ദേശീയ ടീമിന്റെ ഭാഗമായ ഈ സഹോദരിമാർ കളത്തിലിറങ്ങാൻ തുടങ്ങിയിട്ട്. എന്നാൽ ആദ്യമായാണ് മൂവരും ഒരുമിച്ച് ഒരു മത്സരത്തിനിറങ്ങുന്നത്. അജ്മാനിൽ ബിസിനസ് നടത്തുന്ന ബത്തേരിയിലെ അരുണാലയത്തിൽ രജിത്തിൻ്റെയും രഞ്ജിനിയുടെയും മക്കളാണ് ഈ ചുണക്കുട്ടികൾ.
ഓൾറൗണ്ടറായ റിതിക സ്വകാര്യ കമ്പനിയായ ഡമാകിൽ എച്ച്.ആർ ആയി പ്രവർത്തിക്കുകയാണ്. ബാറ്റിങ്ങിൽ മികവ് പുലർത്തുന്ന റിനിത പ്ലസ്‌ടുവിനുശേഷം കംപ്യൂട്ടർ എൻജിനിയറിങ് പഠനത്തിനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം, ബൗളറായ റിഷിത ഷാർജ ലീഡേഴ്‌സ് പ്രൈവറ്റ് സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. പ്രായത്തെ വെല്ലുന്ന പ്രകടനമാണ് മൂവരും കാഴ്ചവെക്കുന്നത് എന്നത് എടുത്തുപറയേണ്ട കാര്യമാണ്. 19, 21, 23 തീയതികളിൽ ശ്രീലങ്കയിൽ വെച്ചാണ് യുഎഇയുടെ മത്സരം നടക്കുന്നത്.
ബാഡ്മിന്റണിൽ നിന്ന് ക്രിക്കറ്റിലേയ്ക്ക്
ബാഡ്‌മിന്റനിൽ തിളങ്ങി നിൽക്കവെയാണ് മൂവരും ക്രിക്കറ്റിന്റെ ലോകത്തേക്ക് എത്തുന്നത്. അതിന് വഴിയൊരുക്കിയത് അച്ഛൻ രജിത്താണ്. വയനാട് ജില്ലാ ടീമിനുവേണ്ടി മുമ്പ് കളത്തിലിറങ്ങിയിരുന്ന രജിത്താണ് ക്രിക്കറ്റിലെ ആദ്യപാഠങ്ങൾ ഇവർക്ക് പകർന്ന് നൽകിയത്. ബാഡ്‌മിൻ്റനിൽ നിന്ന് ക്രിക്കറ്റിൽ എത്തിയപ്പോൾ ആദ്യമൊക്കെ ചില ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നുവെങ്കിലും ചിട്ടയായ പരിശീലനത്തിലൂടെ മൂവരും അവയെ മറികടക്കുകയായിരുന്നു. കോവിഡ് കാലത്തെ വിരസത മാറ്റാനാണ് രജിത്ത് മക്കളെ ക്രിക്കറ്റിന്റെ ലോകത്തേക്ക് നയിച്ചത്. ആ തീരുമാനം ഇന്ന് ഈ സഹോദരങ്ങളെ എത്തിച്ചിരിക്കുന്നത് പ്രശസ്തിയുടെ വക്കിലേയ്ക്കാണ്.
അതിനിടെ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിന്റെ ഡവലപ്മെൻ്റ് ക്യാംപിൽ പങ്കെടുത്തതോടെ മൂവർക്കും ദേശീയ ടീമിലേക്ക് പ്രവേശനവും ലഭിച്ചു. യുഎഇ ടീമിൽ ഇടം നേടിയത് മുതൽ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡാണ് ഇവരെ പരിശീലിപ്പിക്കുന്നത്. മൂന്ന് വർഷത്തോളമായി ദേശീയ ടീമിലെ മികച്ച പ്രകടനമാണ് മൂവർക്കും വനിതാ ടി20യിലേക്കുള്ള വാതിൽ തുറന്നത്. യുഎഇയ്ക്ക് വേണ്ടി കിരീടം സ്വന്തമാക്കുക എന്നത് മാത്രമാണ് ഈ സഹോദരിമാരുടെ ലക്ഷ്യം. ഇവർക്ക് പിന്തുണയുമായി അച്ഛനും അമ്മയും കൂടെത്തന്നെയുണ്ട്.