കുവൈറ്റില്‍ നിന്ന് കൂടുതൽ സ്വർണവുമായി രാജ്യത്തിന് പുറത്തേക്ക് യാത്രചെയ്യുന്ന സ്വദേശികളും വിദേശികളും യാത്രയ്ക്ക് മുൻപേ അവയുടെ രേഖകൾ കസ്റ്റംസിന് നൽകാൻ നിർദേശം. വിമാനത്താവളത്തിലെ എയർ കാർഗോ കസ്റ്റംസ് വകുപ്പിൽ ഇതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കസ്റ്റംസ് നടപടിക്രമങ്ങളുടെ ഭാഗമായാണ് പുതിയ നിർദേശം. സ്വർണക്കട്ടികളും നാണയങ്ങളും അധിക ആഭരണങ്ങളും കൊണ്ടുപോകുന്ന യാത്രക്കാർക്ക് കസ്റ്റംസ് രേഖ ആവശ്യമാണ്. പുതിയ ഉത്തരവ് പ്രകാരം യാത്രക്ക് ഒരു ദിനം മുൻപേ സ്വര്‍ണക്കട്ടികളുമായി ബന്ധപ്പെട്ട രസീത് അടക്കമുള്ള രേഖകള്‍ കസ്റ്റംസ് വകുപ്പിന് മുന്നിൽ സമര്‍പ്പിക്കണം. ഇത് പരിശോധനയ്ക്ക് വിധേയമാക്കി കസ്റ്റംസ് വകുപ്പ് അനുമതിപത്രം നൽകും.
ഈ രേഖകള്‍ യാത്രക്കാർ ഇറങ്ങുന്ന വിമാനത്താവളത്തിലെ കസ്റ്റംസ് ഇൻസ്പെക്ടർമാർക്ക് നൽകണമെന്നും അധികൃതര്‍ വ്യക്തമാക്കി. കൊണ്ടുപോകുന്ന സ്വർണത്തിന്റെ ഔദ്യോഗികമായ രേഖകള്‍ സൂക്ഷിക്കുന്നത് യാത്രയിലെ നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ സഹായിക്കുമെന്ന് അധികൃതര്‍ കൂട്ടിച്ചേർത്തു. യാത്രക്കാരൻ സ്വർണം ശരിയായ രീതിയിൽ നേടിയതാണെന്നും നിയമ വിരുദ്ധമായി കൈയടക്കിയതല്ലെന്നും ഇതുവഴി തെളിയിക്കാനുമാകുമെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം സ്ത്രീകള്‍ വ്യക്തിഗത ഉപയോഗത്തിനായി ധരിക്കുന്ന ആഭരണങ്ങള്‍ക്ക് പുതിയ നിർദേശം ബാധകമല്ലെന്ന് അധികൃതർ അറിയിച്ചു. എന്നാല്‍ അളവില്‍ കവിഞ്ഞ രീതിയിൽ ആഭരണങ്ങള്‍ കൊണ്ടുപോവുകയാണെങ്കില്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കേണ്ടി വരും. രാജ്യത്ത് നിന്ന് വലിയ അളവില്‍ സ്വർണം കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് പുതിയ നീക്കം. വിവിധ മാർഗങ്ങളിലൂടെ സമ്പാദിക്കുന്ന പണം സ്വർണമാക്കി മാറ്റി പുറത്തേക്ക് കടത്തുന്നവർ ധാരാളമാണ് . ഇവയെ ചെറുക്കുന്നതിന്റെ ഭാഗം കൂടിയാണ് പുതിയ നടപടി.