തിരുവനന്തപുരത്തെ നവജാത ശിശുവിന്റെ വിൽപ്പനയുമായി ബന്ധപ്പെട്ട് ദുരൂഹത തുടരുന്നു. കുഞ്ഞിനെ വാങ്ങിയ സ്ത്രീ മുൻപും കട്ടിയെ വാങ്ങിയിരുന്നതായി സംശയം. അഞ്ച് വർഷം മുൻപ് ഇതേ സ്ത്രീ മറ്റൊരു പെൺകുട്ടിയെ വാങ്ങിയിരുന്നതായാണ് ചൈൽഡ് ലൈനിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. ഈ കുട്ടിയെ പിന്നീട് മറ്റൊരാൾക്ക് കൈമാറിയതായും സംശയമുണ്ട്.
അതേസമയം തൈക്കാട് ആശുപത്രിയിൽ നിന്നാണ് ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ വിൽപ്പന നടത്തിയത്. തമ്പാനൂരിലെ ചൈൽഡ് ലൈനിനു ലഭിച്ച രഹസ്യ ഫോൺ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് കരമന സ്വദേശിനിയിൽ നിന്ന് കുഞ്ഞിനെ കണ്ടെടുത്തിരുന്നു. എന്നാൽ കുട്ടിയെ വിറ്റ അമ്മയെ ഇതുവരെ കണ്ടെത്തിയില്ല.
കുട്ടിയെ വിറ്റ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്താനുള്ള പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ ഇടനിലക്കാർ ഉണ്ടോ എന്ന് പരിശോധിക്കും. ആശുപത്രിയിൽ നൽകിയിരുന്നത് പൊഴിയൂർ സ്വദേശിയായ വ്യക്തിയുടെ പേരിലുള്ള മൊബൈൽ നമ്പർ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സിം യുവതി തന്നെ ഉപയോഗിച്ചു എന്നാണ് വിലയിരുത്തൽ. കുഞ്ഞിനെ വിറ്റവർക്കും വാങ്ങിയവർക്കും എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സി ഡബ്ല്യു സി വ്യക്തമാക്കിയിട്ടുണ്ട്.