മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റ് സമ്മേളനത്തിന് മണിക്കൂറുകൾ മാത്രം. അതേസമയം ധനകാര്യ മന്ത്രി നിർമല സീതാരാമൻ്റെ ഏഴാമത്തെ കേന്ദ്ര ബജറ്റാണ് ചൊവ്വാഴ്ച അവതരിപ്പിക്കാൻ പോകുന്നത്. ആദായ നികുതിയിലെ ഇളവുകളും മാറ്റങ്ങളും ഇടത്തരക്കാർക്കും സ്ഥിര വരുമാനക്കാർക്കും അനുകൂലമായ ഘടകങ്ങൾ തുടങ്ങി മൂന്നാം മോദി സർക്കാറിൻ്റെ പ്രഖ്യാപനങ്ങളിലേക്കും വാഗ്ദാനങ്ങളിലേക്കും ഉറ്റുനോക്കുകയാണ് രാജ്യം.
സാധാരണക്കാരൻ്റെ കൈവശം കൂടുതൽ പണം എത്തുകയും അത് പരമാവധി ചിലവഴിപ്പിക്കുകയും ചെയ്യുകയെന്ന ചാക്രിക വ്യവസ്ഥ കാര്യക്ഷമമായി നടപ്പാക്കുമോയെന്ന് പ്രതിപക്ഷവും വീക്ഷിക്കുന്നു.മുൻ ബജറ്റിന് സമാനമായി കോർപ്പറേറ്റുകൾക്കും വൻകിടക്കാർക്കും നൽകുന്ന ഇളവുകൾക്കും ആനുകുല്യങ്ങൾക്കുമൊപ്പം കർഷകരേയും യുവാക്കളേയും തൊഴിൽ അന്വേഷകരേയും തുണക്കുന്ന വാഗ്ദനങ്ങൾ ഉണ്ടോയെന്നും ജനങ്ങൾ ആകാംഷയോടെ കാത്തിരിക്കുകയാണ്.
സാമ്പത്തിക ക്രമങ്ങളിലും നികുതി നിരക്കിലും വലിയ മാറ്റങ്ങൾ ഉണ്ടോകുമോയെന്നും കാത്തിരുന്നുകാണാം. ആദായ നികുതി സ്ലാബുകളില്‍ ഇത്തവണ കാര്യമായ മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ നികുതി വ്യവസ്ഥ അനുസരിച്ച് വ്യക്തിഗത നികുതി ദായകര്‍ക്ക് 60 വയസിന് താഴെയുള്ളവര്‍ക്ക് 2.5 ലക്ഷം രൂപയും 60-80 വയസ്സ് വരെയുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് 3 ലക്ഷം രൂപയും 80 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് 5 ലക്ഷം രൂപയുമാണ് ഇളവ് പരിധി നിശ്ചയിച്ചിട്ടുളളത്.
പ്രവാസികളും വലിയ പ്രതീക്ഷയിലാണ്. രാജ്യത്തിൻ്റെ സമ്പത്ഘടനയെ താങ്ങി നിർത്തുന്ന പ്രവസികൾക്ക് അനുകൂലമായ പദ്ധതികൾ മൂന്നാം മോദി സർക്കാരിൽനിന്ന് പ്രതീക്ഷിക്കുന്നുണ്ട്. പ്രവാസി പുനരധിവാസം, നിക്ഷേപ സാധ്യതകൾ, വിമാനയാത്രയിലെ ആനുകൂല്യങ്ങൾ തുടങ്ങി കാലങ്ങളായി ഉന്നയിക്കുന്ന നിരവധി വിഷയങ്ങളിൽ അനുകൂല നിലപാടുകൾ സ്വീകരിക്കുമോയെന്നും ഈ ബജറ്റിലറിയാം.
അതേസമയം ജനങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്ന ബജറ്റായിരിക്കുമെന്നും 2047ലേക്കുള്ള റോഡ് മാപ്പാണ് ഈ ബജറ്റെന്നും കേന്ദ്രം സൂചിപ്പിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യവികസനത്തിനും സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കും ബജറ്റ് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നാണ് വിലയിരുത്തലുകൾ.