യുഎഇ എല്ലാവർക്കും ഒരു സ്വപ്ന നഗരമാണ്. മികച്ച ജീവിത നിലവാരം തന്നെയാണ് അതിനുള്ള പ്രധാന കാരണവും. നിങ്ങൾ യുഎഇയിലേയ്ക്ക് ചേക്കേറാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ചില കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. അവ എന്തൊക്കെയാണെന്ന് നോക്കാം.
അതിൽ പ്രധാനപ്പെട്ടതാണ് എമിറേറ്റ്സ് ഐഡി. യുഎഇയിലെത്തിയാൽ നിങ്ങളുടെ വാലറ്റിൽ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകി സൂക്ഷിക്കേണ്ടത് എമിറേറ്റ്സ് ഐഡിയാണ്. പാസ്‌പോർട്ട് പോലെ വിലമതിക്കുന്നതാണ് എമിറേറ്റ്സ് ഐഡി. ഇത് മിക്കവാറും എല്ലായിടത്തും തന്നെ ആവശ്യമായി വരാം. റോഡിൽ എന്തെങ്കിലും പരിശോധനകൾ നടക്കുകയാണെങ്കിലും ഈ കാർഡാണ് എല്ലായിടത്തും ആവശ്യപ്പെടുക.
നമ്മുടെ നാട്ടിലെ പോലെ യുഎഇയിലെത്തി വാട്സാപ്പിൽ വിളിക്കുകയും വീഡിയോ കോൾ ചെയ്യുകയും ചെയ്യാം എന്ന് വിചാരിച്ചാൽ അത് നടക്കില്ല. വോയ്‌സ് ഓവർ ഇൻ്റർനെറ്റ് പ്രോട്ടോക്കോൾ കോളുകൾ യുഎഇയിൽ നിരോധിച്ചിരിക്കുന്നു എന്നതാണ് അതിന്റെ കാരണം. അതായത് താമസക്കാർക്ക് പരസ്പരം വോയ്‌സ് അല്ലെങ്കിൽ വീഡിയോ കോളിനായി വാട്സ്ആപ്പ്, മെസഞ്ചർ തുടങ്ങിയ മറ്റ് അപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ കഴിയില്ല. എന്നിരുന്നാലും, പ്രാദേശികമായും അന്തർദേശീയമായും മറ്റുള്ളവരുമായി സൗജന്യമായി ബന്ധപ്പെടാൻ സാധിക്കുന്ന ചില ആപ്ലിക്കേഷനുകൾക്ക് രാജ്യം അംഗീകാരം നൽകിയിട്ടുമുണ്ട്.
യുഎഇയിലെത്തുന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വേനൽക്കാലമാണ്. അതിശക്തമായ ചൂടാണ് ഈ കാലയളവിൽ അനുഭവിക്കേണ്ടിവരിക. മെയ് മുതൽ സെപ്തംബർ വരെയുള്ള മാസങ്ങൾ വളരെ വെല്ലുവിളി നിറഞ്ഞതുമാണ്. ചില മേഖലകളിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ എത്താറുണ്ട്. കുടകൾ, ഹാൻഡ് ഫാനുകൾ, തൊപ്പികൾ, സ്കാർഫുകൾ എന്നിവ ഉപയോഗിച്ചാണ് നിവാസികൾ പൊതുവേ ചൂടിൽ നിന്നും ഒരു പരിധി വരെ രക്ഷപ്പെടുന്നത്.
യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കുക എന്നത് വലിയൊരു കടമ്പ തന്നെയാണ്. നാട്ടിലെ പോലെ എട്ട് എടുത്താലും എച്ച് എടുത്താലുമൊന്നും ഇവിടെ ലൈസൻസ് ലഭിക്കില്ല. ഇനി ലഭിച്ചാൽ തന്നെ, നാട്ടിൽ വാഹനമോടിക്കുന്നതുപോലെ അശ്രദ്ധമായി ഓവർ സ്പീഡിൽ വാഹനമോടിച്ചാൽ അധികംവൈകാതെ പോക്കറ്റ് കാലിയാകുകയും ചെയ്യും. കാരണം ഇവിടുത്തെ നിയമങ്ങൾ അത്രമാത്രം കർശനമാണ്. കൂടാതെ ഓഫീസ് സമയങ്ങളിലെ ട്രാഫിക് ഒരുപരിധിവരെ രാജ്യത്ത് അസഹനീയവുമാണ്.
യുഎഇയിൽ മിക്ക പോതു സ്ഥലങ്ങളിലും പൊതുഗതാഗതത്തിനായും മറ്റും പണത്തിന് പകരം നോൽ കാർഡുകൾ ഉപയോഗിക്കാൻ സാധിക്കും. മെട്രോ മുതൽ അബ്ര വരെയുള്ള എല്ലാ ഗതാഗത മാർഗങ്ങളിലും പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിനും റസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണ കഴിച്ചാൽ പണം നൽകുന്നതിനുമെല്ലാം നോൽ കാർഡ് ഉപയോഗിക്കാൻ സാധിക്കും.