ലോകത്തിലെ ഏറ്റവും വലിയ ധനികൻ ആരാണെന്ന് ചോദിച്ചാൽ എല്ലാവർക്കും അതിനുള്ള ഉത്തരം അറിയാമായിരിക്കും. എന്നാൽ കോടീശ്വരമായ ഭിക്ഷക്കാരൻ ആരാണെന്ന് ചോദിച്ചാൽ പലരും മുഖം ചുളിക്കും. കാരണം ഭിക്ഷയെടുത്ത് ധനികനാകാൻ സാധിക്കുമോ എന്നതാകും എല്ലാവരുടെയും സംശയം. അതിനുള്ള ഉത്തരമാണ് മുംബൈക്കാരനായ ഭാരത് ജെയിൻ. ലോകത്തിലെ ഏറ്റവും ധനികനായ ഭിക്ഷക്കാരനാണ് ജെയിൻ.
ഇതുവരെ ഭിക്ഷ യാചിച്ച് ജെയിൻ സമ്പാദിച്ചത് 7.5 കോടി രൂപയാണ്. വിശ്വസിക്കാൻ സാധിക്കുന്നില്ല അല്ലേ. ഭിക്ഷാടനത്തിൽ നിന്നുള്ള അദ്ദേഹത്തിന്റെ പ്രതിമാസ വരുമാനം 60,000 മുതൽ 75,000 രൂപ വരെയാണ്. തന്റെ വരുമാനം ഉപയോഗിച്ച് മുംബൈയിൽ 1.2 കോടി വിലമതിക്കുന്ന രണ്ട് കിടപ്പുമുറികളുള്ള ആഡംബര ഫ്ലാറ്റും ജെയിൻ സ്വന്തമാക്കിയിട്ടുണ്ട്. ഇതിനുപുറമെ താനെയിൽ രണ്ട് കടമുറികൾ വാടകയ്ക്ക് നൽകിയിട്ടുമുണ്ട് ഈ കോടീശ്വരൻ. കടമുറിയിൽ നിന്ന് വാടകയിനത്തിൽ മാത്രം പ്രതിമാസം 30,000 രൂപയാണ് വരുമാനം ലഭിക്കുന്നത്.
മുംബൈയിലെ തെരുവുകളിൽ ഭിക്ഷാടനം നടത്തുന്ന ജെയിനിന് കോടികളുടെ ആസ്തിയുണ്ടെങ്കിലും തന്റെ തൊഴിൽ നിർത്താൻ അദ്ദേഹം തയ്യാറല്ല. കുടുംബാംഗങ്ങൾ നിരന്തരം ഭിക്ഷാടനം അവസാനിപ്പിക്കാൻ അദ്ദേഹത്തോട് പറയാറുണ്ടെങ്കിലും ജെയിൻ അത് കേട്ടഭാവംപോലും നടിക്കാറില്ല. അതിന് കാരണം മറ്റൊന്നുമല്ല, കൈനിറയെ പണം ലഭിക്കുന്നത് തന്നെയാണ്. 10-12 മണിക്കൂറിനുള്ളിൽ പ്രതിദിനം 2,000 മുതൽ 2,500 രൂപ വരെയാണ് ഇദ്ദേഹത്തിന്റെ കയ്യിലെത്തുന്നത്. നിലവിൽ പരേലിലെ ഡ്യൂപ്ലക്സ് വസതിയിലാണ് ഭരത് ജെയിനും കുടുംബവും താമസിക്കുന്നത്. ഭാര്യയും രണ്ട് ആൺമക്കളും സഹോദരനും പിതാവും അടങ്ങുന്നതാണ് ഈ ധനികന്റെ കൊച്ചുകുടുംബം.
അതേസമയം, രാജ്യത്തെ ഭിക്ഷാടന വ്യവസായം ഏകദേശം ഒന്നരലക്ഷം കോടിയോട് അടുത്തുണ്ടാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ ഭിക്ഷാടനം നിയമ വിരുദ്ധനമാണെങ്കിലും ഇതിലൂടെ ധനികരാകുന്നവരുമുണ്ടെന്നാണ് ഭരത് ജെയിനെപ്പോലെയുളളവരുടെ കഥകൾ സൂചിപ്പിക്കുന്നത്. എന്തായാലും ഇയാളെപറ്റി പുറത്തുവന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ അധികൃതർ എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയാനായി കാത്തിരിക്കുകയാണ് ജനങ്ങൾ.