ആരെയും ആതിശയിപ്പിക്കുന്ന നിരവധി നിർമ്മിതികൾ തലയുയർത്തി നിൽക്കുന്ന നഗരമാണ് ദുബായ്. അക്കൂട്ടത്തിൽ ലോകത്തെ അതിശയിപ്പിക്കുന്ന മറ്റൊരു പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ ധനമന്ത്രിയും ദുബായ് ഉപഭരണാധികാരിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ലോകത്തിലെ ഏറ്റവും വലിയ കാർ മാർക്കറ്റാണ് ദുബായിൽ ഒരുങ്ങുന്നത്.
20 ദശലക്ഷം ചതുരശ്ര അടി വിസ്‌തൃതിയിലാണ് ദുബായിൽ കാർ മാർക്കറ്റ് നിർമ്മിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ദുബായ് മുനിസിപ്പാലിറ്റിയും തുറമുഖ കമ്പനിയായ ഡി.പി.വേൾഡും തമ്മിൽ പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു കഴിഞ്ഞു. ഈ മാർക്കറ്റിൽ വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ സേവനങ്ങളും, ബാങ്കിങ് സേവനങ്ങളും ലഭ്യമാക്കും. മാത്രമല്ല, വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സുപ്രധാന പരിപാടികളുടെയും വേദി ഈ മാർക്കറ്റ് ആയിരിക്കുമെന്നാണ് റിപ്പോർട്ട്.
നിലവിൽ തുറമുഖ കമ്പനിയായ ഡിപി വേൾഡ് കൈകാര്യം ചെയ്യുന്ന ലോകത്തിലെ 77 തുറമുഖങ്ങളിൽ നിന്നും വാഹനമെത്തിക്കാനും കൈമാറ്റം ചെയ്യാനുമുള്ള സാധ്യതകളാണ് ദുബായിൽ ഒരുങ്ങുന്നതെന്ന് അധികൃതർ വ്യക്തമാക്കി.