പുതിയ പാർലമെന്റ് മന്ദിരത്തിൽ വനിതാ സംവരണ ബിൽ അവതരിപ്പിച്ച് കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്വാൾ. ഭരണഘടനയുടെ 128ാം ഭേദഗതിയായാണ് വനിതാ സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിക്കുന്നത്.ബിൽ നിയമമാകുന്നതോടെ ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ സുപ്രധാന നാഴികകല്ലായി മാറും. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പിലാകില്ല. മണ്ഡല പുനനിർണയത്തിന് ശേഷം മാത്രമേ വനിതാ സംവരണം നടപ്പാക്കൂ.
ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും ഡൽഹി അസംബ്ലിയിലും മൂന്നിലൊന്നു സീറ്റ് വനിതകൾക്കു സംവരണം ചെയ്യാനാണ് ഭരണഘടന ഭേദഗതി ബിൽ ലക്ഷ്യമിടുന്നത്.ദേശീയ, സംസ്ഥാന തലങ്ങളിലെ നയ രൂപീകരണത്തിൽ വനിതകൾക്കു കൂടുതൽ പങ്കാളിത്തം നൽകാനാണ് നിയമ നിർമാണമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. 2047ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുകയെന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിൽ വനിതകളുടെ പങ്ക് നിർണായകമാണ്. വനിതകൾ പുതിയ കാഴ്ചപ്പാടുകൾ കൊണ്ടുവരുമെന്നും അതു നിയമ നിർമാണ പ്രക്രിയയുടെ ഗുണമേന്മ വർധിപ്പിക്കുമെന്നും സർക്കാർ അഭിപ്രായപ്പെട്ടു.
മണ്ഡല പുനർ നിർണയം പൂർത്തിയായതിനു ശേഷമേ വനിതാ സംവരണം പ്രാബല്യത്തിൽ വരൂ. പതിനഞ്ചു വർഷത്തേക്കു സംവരണം തുടരാനാണ് ബില്ലിലെ വ്യവസ്ഥ. ഓരോ മണ്ഡല പുനർ നിർണയത്തിനു ശേഷവും വനിതാ സംവരണ സീറ്റുകൾ മാറും.