യുഎഇയെ ലോകത്തിലെ സോഷ്യൽ മീഡിയ തലസ്ഥാനമായി തെരഞ്ഞെടുത്തു. പത്തിൽ 9.55 ആണ് യുഎഇ നേടിയ സ്കോർ. യുഎഇയിലെ ആളുകൾ ശരാശരി 8.2 ശതമാനം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നവരാണ്. 100 ശതമാനത്തിലധികം ആളുകളും ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ടെന്ന് പ്രോക്സികളും റെസിഡൻഷ്യൽ വിപിഎൻ സേവനങ്ങളും നൽകുന്ന പ്രോക്സിറാക്ക് അറിയിച്ചു.
വേൾഡ് പോപ്പുലേഷൻ റിവ്യൂ വിവരങ്ങൾ അനുസരിച്ച് രാജ്യത്തെ ജനസംഖ്യയേക്കാൾ കൂടുതൽ ഫേസ്ബുക്ക് ഉപയോക്താക്കളാണ് യുഎഇയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. മലേഷ്യ രണ്ടാം സ്ഥാനത്തും ഫിലിപ്പിൻസ് മൂന്നാം സ്ഥാനത്തുമാണുള്ളത്. സൗദി അറേബ്യ (8.41), സിംഗപ്പൂർ (7.96), വിയറ്റ്‌നാം (7.62), ബ്രസീൽ (7.62), തായ്‌ലൻഡ് (7.61), ഇന്തോനേഷ്യ (7.5), ഹോങ്കോങ് (7.27) എന്നിങ്ങനെയാണ് പട്ടിക.
അതേസമയം 10ൽ 7.53 സ്‌കോറോടെ യുഎഇയെ ലോകത്തിലെ ഏറ്റവും കൂടുതൽ ഇന്റെർനെറ്റ് കണക്ഷനുള്ള രാജ്യമായും പഠനം വിലയിരുത്തി. ഹോങ്കോംഗ്, മലേഷ്യ, തായ്‌ലൻഡ്, ചിലി, സൗദി അറേബ്യ, സിംഗപ്പൂർ, അർജന്റീന, വിയറ്റ്‌നാം, തായ്‌വാൻ എന്നിവയാണ് യുഎഇയ്ക്ക് പിന്നിലുള്ളത്. യുഎഇ ഉപഭോക്താക്കൾ പ്രതിദിനം ശരാശരി ഏഴ് മണിക്കൂറും 29 മിനിറ്റും ഇന്റർനെറ്റിൽ ചെലവഴിക്കുന്നുണ്ടെന്ന് പഠനം കണ്ടെത്തി. കോവിഡിന് ശേഷം യുഎഇയിലും ആഗോളതലത്തിലും ഇന്റർനെറ്റ് ഉപയോഗം വർദ്ധിച്ചിട്ടുണ്ട്. കൂടുതൽ ആളുകൾ വീടുകളിൽ ഇരുന്ന് ജോലി ചെയ്യുന്നതായിരുന്നു ഇതിന് കാരണം.