വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് ഉടമസ്ഥാവകാശ കൈമാറ്റം ഇനി മുതൽ യുഎഇ പാസ് വഴിയാക്കാൻ തീരുമാനം. വാഹന നമ്പർ പ്ലേറ്റ് കൈമാറ്റ നടപടികൾ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് ഉടമസ്ഥാവകാശം മാറ്റുന്നത് സംബന്ധിച്ച നടപടികൾക്കായി ഹാപ്പിനസ് കേന്ദ്രങ്ങളിൽ പോകുന്നത് ഒഴിവാക്കി ജനങ്ങൾക്ക് മികച്ച സൗകര്യം ലഭ്യമാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. അതിനാൽ യുഎഇ പാസ് മുഖേന ഇനി ഓൺലൈനായി രേഖകളിൽ മാറ്റം വരുത്താൻ സാധിക്കും. വിൽക്കുന്നയാളും വാങ്ങുന്നയാളും വിലയും തുക കൈമാറുന്ന രീതിയും മുൻകൂട്ടി തീരുമാനിച്ചാൽ നടപടി എളുപ്പമാകുമെന്നും അധികൃതർ അറിയിച്ചു.
വില്പനക്കാരൻ വാങ്ങുന്നയാളുടെ യുഎഇ പാസ്, ടെലിഫോൺ നമ്പർ എന്നിവ ശേഖരിച്ച് പരിശോധിച്ച് ഉറപ്പിച്ച ശേഷം യുഎഇ പാസ് ഉപയോഗിച്ച് വില്പനയും വാങ്ങലും രജിസ്റ്റർ ചെയ്ത് നിശ്ചിത ഫീസ് അടച്ചാൽ നടപടി പൂർണമാകും. സേവനങ്ങൾ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.