കിങ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതിയുടെ ഭാഗമായ റിയാദ് ബസ് സർവീസിന്റെ മൂന്നാം ഘട്ടം ആരംഭിച്ചു. വിഷൻ 2030 പദ്ധതിയുടെ ഭാഗമായി പൊതുഗതാഗത വികസനത്തിലൂടെ സാമ്പത്തികവും നഗരപരവുമായ മാറ്റത്തിന്റെ പ്രധാന ഘടകങ്ങളിലൊന്നാണ് കിങ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതി. മൂന്നാം ഘട്ടം ആരംഭിച്ചതോടെ റിയാദ് ബസ് സർവീസ് പദ്ധതിയിലെ ആകെ റൂട്ടുകൾ 33 ആയും ബസ് സ്റ്റോപ്പുകൾ 1,611 ആയും ഉയർന്നു.
ആകെ 565 ബസുകൾ ഈ റൂട്ടുകളിൽ സർവീസ് നടത്തുന്നുണ്ട്. റിയാദ് ബസ് ശൃംഖലയുടെ ആകെ നീളം 1,900 കിലോമീറ്ററാണ്. ഇതിൽ 1,284 കിലോമീറ്റർ നീളത്തിൽ നിലവിൽ ബസ് സർവീസുകളുണ്ട്. ബസുകൾക്കുള്ള പ്രത്യേക ട്രാക്ക് ചുവപ്പ് നിറത്തിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. പ്രത്യേക ട്രാക്കിലെ ബസ് സ്റ്റോപ്പുകളിൽ ഇലക്ട്രിക് എലിവേറ്ററുകൾ സ്ഥാപിച്ച കാൽനടപ്പാലങ്ങളിലൂടെ സുരക്ഷിതമായും വളരെ വേഗത്തിലും യാത്രക്കാർക്ക് എത്തിച്ചേരാനും സാധിക്കും.
റിയാദ് ബസ് ആപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനും ഇന്ററാക്ടീവ് മാപ്പുകൾ വഴി യാത്ര ആസൂത്രണം ചെയ്യാനും ട്രാക്ക് ചെയ്യാനും സാധിക്കും. ബസ് സ്റ്റേഷനുകളിലെ ടിക്കറ്റ് വെന്റിങ് മെഷീനുകളും ടിക്കറ്റ് വിൽപന ഓഫീസുകളും വഴി ദർബ് കാർഡ് വാങ്ങുവാനും റീച്ചാർജ് ചെയ്ത് ഉപയോഗിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. രണ്ടു മണിക്കൂർ ടിക്കറ്റിന് നാല് റിയാൽ, മൂന്ന് ദിവസത്തേക്കുള്ള ടിക്കറ്റിന് 20 റിയാൽ, ഏഴ് ദിവസത്തേക്കുള്ള ടിക്കറ്റിന് 40 റിയാൽ, 30 ദിവസത്തേക്കുള്ള ടിക്കറ്റിന് 140 റിയാൽ എന്നിങ്ങനെ വ്യത്യസ്ത നിരക്കിലാണ് ടിക്കറ്റുകൾ ലഭ്യമാക്കിയിരിക്കുന്നത്. ഈ വർഷത്തിനുള്ളിൽ പദ്ധതിയുടെ നാലും അഞ്ചും ഘട്ടങ്ങൾ ആരംഭിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.