ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ യാത്രക്കാരുമായി പുറപ്പെട്ട അന്തർവാഹിനി അറ്റ്ലാന്റിക് സമുദ്രത്തിൽ വെച്ച് കാണാതായി. കടലിന്റെ ഏത് ഭാഗത്ത് വെച്ചാണ് മുങ്ങിക്കപ്പൽ കാണാതായതെന്ന് ഇതുവരെ വ്യക്തമല്ല.
അഞ്ച് പേരെ വഹിക്കാൻ കഴിയുന്ന അന്തർവാഹിനിയാണ് ഇപ്പോൾ കാണാതായിരിക്കുന്നത്. കാണാതായവർക്കായുള്ള തെരച്ചിൽ ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കിടക്കുന്ന ഭാഗത്തേക്ക് എത്താൻ സാധാരണ എട്ട് മണിക്കൂർ ആണ് അന്തർവാഹിനിക്ക് എടുക്കുക. ഇതിൽ നാല് ദിവസത്തേക്കുള്ള ഓക്‌സിജൻ കരുതിയിരിക്കും. ഒരു പൈലറ്റും മൂന്ന് പേയിംഗ് ഗസ്റ്റും ഒപ്പം കമ്പനി ഒരു ഉദ്യോഗസ്ഥനുമാകും ഇതിൽ ഉണ്ടായിരിക്കുക.
ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസ് എന്ന കമ്പനിയുടേതാണ് കാണാതായ അന്തർവാഹിനി. അന്തർവാഹിനി കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയതായി കമ്പനിയും അറിയിച്ചിട്ടുണ്ട്.സംഘത്തിൽ ദുബായ് ആസ്ഥാനമായുള്ള ഒരു ബ്രിട്ടീഷ് കോടീശ്വരനും പര്യവേക്ഷകനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബ്രിട്ടീഷ് ശതകോടീശ്വരൻ ഹാമിഷ് ഹാർഡിംഗ് ഉൾപ്പെടെ അഞ്ച് പേരാണ് സംഘത്തിലുള്ളത്.