എമിറേറ്റ്സ് എയർലൈൻസ് കമ്പനി ഉയർന്ന വാർഷിക ലാഭം നേടിയതിന് പിന്നാലെ ജൂലൈ മുതൽ ജീവനക്കാരുടെ ശമ്പളവും അലവൻസുകളും വർദ്ധിപ്പിക്കും. എമിറേറ്റിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിൽ അഞ്ച് ശതമാനം വർദ്ധനവും താമസ – ഗതാഗത അലവൻസുകളും വർദ്ധിപ്പിക്കുമെന്നാണ് അധികൃതർ അറിയിച്ചത്.
ഇതിന് പുറമെ 2023 സെപ്റ്റംബർ മുതൽ വിദ്യാഭ്യാസ സഹായ അലവൻസിൽ 10 ശതമാനം വർദ്ധനവ് വാഗ്ദാനം ചെയ്യുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കമ്പനി ലാഭത്തിലായതിനേത്തുടർന്ന് ജീവനക്കാർക്ക് വൻതുക ബോണസും പ്രഖ്യാപിച്ചിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ 1,02,379 തൊഴിലാളികൾ ആണ് എമിറേറ്റ്സിൽ ജോലി ചെയ്യുന്നത്. ഗ്രൗണ്ട് ഹാൻഡ്ലിംഗ്, കാർഗോ, ട്രാവൽ, ഫ്ലൈറ്റ് കാറ്ററിംഗ് സേവനങ്ങൾ നൽകുന്ന എമിറേറ്റ്സ് എയർലൈൻ, ഡിനാറ്റ എന്നിവയാണ് ഗ്രൂപ്പിന്റെ പ്രധാന ഉപസ്ഥാപനങ്ങൾ.
2022-2023 സാമ്പത്തിക വർഷത്തിൽ എമിറേറ്റ്സ് ഗ്രൂപ്പ് മുൻ വർഷത്തെ 3.8 ബില്യൺ ദിർഹം നഷ്ടവുമായി താരതമ്യം ചെയ്യുമ്പോൾ 10.9 ബില്യൺ ദിർഹത്തിന്റെ റെക്കോർഡ് ലാഭം നേടിയിരുന്നു. ഇപ്പോൾ കമ്പനിയുടെ വരുമാനം 119.8 ബില്യൺ ദിർഹത്തിലെത്തി. കഴിഞ്ഞ വർഷത്തേക്കാൾ 81 ശതമാനം വർധനവാണ് കണക്കാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനി 85,219 ജീവനക്കാരെക്കൂടി പുതിയതായി നിയമിക്കുകയും ചെയ്തിരുന്നു.