കുവൈത്ത് ദുരന്തത്തിൽ മരിച്ച മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. വ്യോമസേനയുടെ സൂപ്പർ ഹെർക്കുലീസ് വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിച്ചത്. അല്പസമയം വിമാനത്താവളത്തിൽ പൊതുദർശനത്തിന് വെച്ചശേഷം മൃതദേഹങ്ങൾ ആംബുലൻസിൽ വീടുകളിലേയ്ക്ക് കൊണ്ടുപോകും.
ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗും വിമാനത്തിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാർ അടക്കമുള്ളവർ മൃതദേഹങ്ങൾ ഏറ്റുവാങ്ങും. കേരളത്തിലെ 23 പേരുടെ കൂടാതെ തമിഴ്‌നാട്ടിലെ ഏഴ് പേരുടെയും കർണാടകയിലെ ഒരാളുടെയും ഉൾപ്പെടെ 31 പേരുടെ മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ത്യൻ സമയം രാവിലെ ആറരയോടെയാണ് വിമാനം കുവൈത്തിൽ നിന്ന് പുറപ്പെട്ടത്.
നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടുപോകുന്നതിന് നോർക റൂട്ട്സിന് കീഴിൽ ആംബുലൻസ് ഓണേഴ്‌സ് ആന്റ് ഡ്രൈവേഴ്സ് അസോസിയേഷനുമായി ചേർന്ന് പ്രത്യേക ക്രമീകരണങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ തമിഴ്നാട് സ്വദേശികളുടെ മൃതദേഹം കൊണ്ടുപോകുന്നതിനായി തമിഴ്‌നാട് ഗവൺമെന്റിൻ്റെ എട്ട് ആംബുലൻസുകളും വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്.