മൊബൈൽ ഫോണിൽ വിളിക്കുന്ന ആളുടെ പേര് ഫോണിൽ തെളിഞ്ഞുകാണാൻ ഇത് നമ്പർ സേവ് ചെയ്യണം എന്നില്ല! ഫോണിൽ പേര് സേവ് ചെയ്തിട്ടില്ലെങ്കിലും വിളിക്കുന്നയാളുടെ പേരും കാണാം. നമ്പറിനൊപ്പം പേര് കൂടി കാണിക്കുന്ന കോളിങ് നെയിം പ്രസന്റേഷൻ (സിഎൻഎപി) രാജ്യത്ത് നടപ്പാക്കാൻ ടെലികോം വകുപ്പിനോട് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ശുപാർശ ചെയ്തു. തട്ടിപ്പ് കോളുകൾ തടയുകയാണ്
ഇതിലൂടെ അതോറിറ്റി ലക്ഷ്യം വെക്കുന്നത്.
സിം എടുക്കാനുപയോഗിച്ച കെവൈസി (നോ യുവർ കസ്റ്റമർ) തിരിച്ചറിയൽ രേഖയിലെ പേരായിരിക്കും സ്ക്രീനിൽ ദൃശ്യമാവുക. രേഖയിലുള്ള പേര് പിന്നീട് മാറ്റിയവർക്ക് തിരിച്ചറിയൽ രേഖ നൽകി തിരുത്താനും സൗകര്യമുണ്ടാകും. രാജ്യമാകെ നടപ്പാക്കും മുൻപ് ഒരു ടെലികോം സർക്കിളിൽ പരീക്ഷണം നടത്തും.
ഇത് നടപ്പാക്കിയാൽ ‘ട്രൂകോളർ’ ആപ്പില്ലാതെ തന്നെ, ഫോൺ വിളിക്കുന്നത് ആരെന്ന് നമുക്കറിയാം. ഉപയോക്താവ് ആവശ്യപ്പെട്ടാൽ മാത്രം സിഎൻഎപി സൗകര്യം പ്രവർത്തിപ്പിക്കുന്ന തരത്തിലായിരിക്കും സൗകര്യം. ഒരാൾക്ക് പേര് മറച്ചുവയ്ക്കണമെങ്കിൽ അതിനും സംവിധാനമുണ്ടാകും.