റിയാദ് സീസൺ സന്ദർശിച്ചവരുടെ എണ്ണം 5 ദശലക്ഷം കടന്നതായി റിപ്പോർട്ട്. ഒരു മാസത്തിനിടെ റിയാദ് സീസണിന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ കണക്കുകൾ പ്രകാരമുള്ള റിപ്പോർട്ടാണിത്. സൗദി ജനറൽ എന്റർടെയ്ന്മെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ഷെയ്ഖാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
റിയാദ് സീസണിന്റെ നാലാമത് പതിപ്പിന് ഒക്ടോബർ 28-നാണ് തുടക്കമായത്. ബിഗ് ടൈം എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ റിയാദ് സീസൺ സംഘടിപ്പിക്കുന്നത്. പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിനോദ പരിപാടികളിലൊന്നായ റിയാദ് സീസണിൽ ഈ വർഷം 12 വ്യത്യസ്ത വിനോദ മേഖലകളാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്.
റിയാദ് സീസൺ സന്ദർശിച്ചവരിൽ സ്വദേശികളും വിദേശികളും ഉൾപ്പെടുമെന്നും അധികൃതർ വ്യക്തമാക്കി. ഈ വർഷത്തെ റിയാദ് സീസണിന്റെ ഭാഗമായുള്ള ഏറ്റവും വലിയ വിനോദ മേഖലകളിലൊന്നായ ബുലവാർഡ് വേൾഡ് കൂടി സന്ദർശകർക്കായി തുറന്നുകൊടുത്തതോടെ നിരവധി പേരാണ് ദിനംപ്രതി ഇവിടേയ്ക്ക് എത്തുന്നത്. മാർച്ച് വരെ നീണ്ടുനിൽക്കുന്ന പരിപാടികളിൽ വരും ദിവസങ്ങളിലും സന്ദർശകരുടെ എണ്ണം വർധിക്കുമെന്നാണ് വിലയിരുത്തൽ.