യുഎഇയിലെ ഇന്ത്യക്കാരായ പ്രവാസികളുടെ എണ്ണം 35 ലക്ഷം കടന്നു. കഴിഞ്ഞ വർഷം യുഎഇയിൽ എത്തിയ ഇന്ത്യൻ പ്രവാസികളുടെ എണ്ണം 34,19,000 ആയിരുന്നു. ഈ വർഷം 1.3 ലക്ഷം പേർ കൂടി എത്തിയതോടെയാണ് യുഎഇയിലെ ഇന്ത്യക്കാരുടെ എണ്ണം 35,54,000 ആയി ഉയർന്നത്. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ഇതുസംബന്ധിച്ച വിവരം ലോക്സഭയിൽ വ്യക്തമാക്കിയത്.
യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിലായി 7.93 ദശലക്ഷം ഇന്ത്യക്കാരാണുള്ളത്. ഗൾഫ് മേഖലകളിൽ ഇന്ത്യക്കാരായ പ്രവാസി തൊഴിലാളികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ദുബായ്, റിയാദ്, ജിദ്ദ, ക്വാലാലംപുർ എന്നിവിടങ്ങളിൽ പുതിയ വിദേശ ഇന്ത്യൻ സഹായ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.