യുഎഇയുടെ അഭിമാന റെയില്‍ പദ്ധതിയായ ഇത്തിഹാദ് റെയിലിന്‍റെ ഭാഗമായുളള ആദ്യ കടല്‍പ്പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജ്ജമായി. അറേബ്യൻ ഗൾഫിന് കുറുകെ ഒരു കിലോമീറ്റർ നീളത്തിലുളള കടല്‍പ്പാലം ഖലീഫ തുറമുഖത്തെ അബുദാബിയുടെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്നതാണ്.
4000 ടണ്ണിലധികം സ്റ്റീൽ, 18,300 ക്യുബിക് മീറ്റർ റൈൻഫോഴ്‌സ്ഡ് കോൺക്രീറ്റ്, 100 പ്രത്യേക ബീമുകൾ എന്നിവ ഉപയോഗിച്ചാണ് സങ്കീർണ്ണമായ പദ്ധതി പൂര്‍ത്തിയാക്കിയത്. യുഎഇ-വൈഡ് നെറ്റ്‌വർക്കിന്റെ ഭാഗമായുളള ആദ്യത്തെ മറൈൻ ബ്രിഡ്ജാണിത്. ഖലീഫ തുറമുഖത്തേക്ക് കയറ്റുമതി ചെയ്യുന്ന ചരക്കുകൾ രാജ്യത്തുടനീളം വേഗത്തിലും കാര്യക്ഷമമായും കൊണ്ടുപോകാൻ പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ സാധ്യാമാകും.
300 ലോറികൾക്ക് പകരമായി പാലത്തിലൂടെ ചരക്കുകൾ കൈമാറാന്‍ ശേഷിയുണ്ടെന്നും ഇത്തിഹാദ് അധികൃതര്‍ വ്യക്തമാക്കി. കഠിനമായ സമുദ്ര സാഹചര്യങ്ങൾ, ഉയർന്ന താപനില, ഈർപ്പം, പാരിസ്ഥിതിക ആശങ്കകൾ എന്നീ വെല്ലുവിളികൾ മറികടന്നാണ് എഞ്ചിനീയറിംഗ് വിഭാഗം കടല്‍പ്പാലത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. നിര്‍മ്മാണം ആരംഭിക്കുന്നതിന് മുമ്പ് കടലിനടിയി ഉൾപ്പടെ സങ്കീർണ്ണമായ സർവേകളും പഠനങ്ങളും നടത്തിയിരുന്നു.
പാലത്തിന്‍റെ സുരക്ഷയ്ക്കൊപ്പം വെള്ളത്തിന്റെ സുഗമമായ ഒഴുക്കും ഉറപ്പാക്കിയാണ് കടല്‍പ്പാലം നിര്‍മ്മിച്ചിരിക്കുന്നത്. പാലത്തിന് കുറുകെയുള്ള ലൈനിൽ അപകടമുണ്ടായാൽ ട്രെയിനിനെ സംരക്ഷിക്കാൻ ട്രാക്കിനുള്ളിൽ ഗാർഡ് റെയിലുകളും സ്ഥാപിച്ചിട്ടുണ്ട്. പാളം തെറ്റിയാൽ ട്രെയിന്‍ കടലിൽ വീഴുന്നത് തടയാനാകുമെന്നും എഞ്ചിനീയര്‍മാര്‍ പറയുന്നു. അതേസമയം ഗതാഗതം ആരംഭിക്കുന്ന തീയതി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. പ്രധാന പദ്ധതിയായ ഇത്തിഹാദ് റയിലിന്‍റെ പൂര്‍ത്തീകരണവും ഇതിനകം 75 ശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്.