യുഎഇയിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്യുകയും കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയും ചെയ്തിരുന്നു. ഇതിന് സമാനമായ കാലാവസ്ഥയാകും വരും ദിവസങ്ങളിലും അനുഭവപ്പെടുക എന്നാണ് അധികൃതർ അറിയിച്ചത്. ഈ സാഹചര്യത്തിൽ യുഎഇ നിവാസികൾ കൂടുതൽ മുൻകരുതൽ സ്വീകരിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ വെള്ളിയാഴ്ച മുതൽ രാജ്യത്ത് ശക്തമായ കാറ്റോടുകൂടിയ മഴയാണ് അനുഭവപ്പെട്ടത്. ശനിയാഴ്ച ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലെ പല ഭാഗങ്ങളിലും മഴയും ഇടിമിന്നലും പൊടിക്കാറ്റും രൂക്ഷമായിരുന്നു. അൽ ബർഷ, അൽ മർമൂം, അൽ ബരാരി, എമിറേറ്റ്സ് റോഡ്, അൽ ഖുദ്ര റോഡ്, അലി-ലെഹ്ബാബ്, അൽ ഐൻ ദുബായ് റോഡുകൾ എന്നിവിടങ്ങളിലും കനത്ത മഴ അനുഭവപ്പെട്ടിരുന്നു. ജബൽ അലി റോഡിൽ വ്യാപകമായി ആലിപ്പഴം വീഴുകയും ചെയ്തിരുന്നു.
കനത്ത മഴയിൽ അൽ മർമും മേഖലയിൽ പലയിടത്തും വെള്ളക്കെട്ടുമുണ്ടായിരുന്നു. ഷാർജയിലും അജ്മാനിലും സമാനമായ സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. അൽ ഐനിന്റെ വിവിധ ഭാഗങ്ങളിൽ മിതമായ മഴയും അനുഭവപ്പെട്ടു. കരാമ, ഔദ് മേത്ത, ദെയ്റ, ജബൽ അലി എന്നിവിടങ്ങളിൽ പൊടികാറ്റും അനുഭവപ്പെട്ടു. ആഗസ്റ്റ് 8 വരെ രാജ്യത്ത് ഇതേകാലാവസ്ഥ പ്രതീക്ഷിക്കുന്നതായാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.