മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ ഏഴാമത് പതിപ്പ് നവംബർ 22 മുതൽ അബുദാബിയിൽ വെച്ച് സംഘടിപ്പിക്കുമെന്ന് വ്യക്തമാക്കി അധികൃതർ. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആന്റ് ടൂറിസമാണ് മേള സംഘടിപ്പിക്കുന്നത്. ഷെയ്‌ഖ ഫാത്തിമ ബിൻത് മുബാറക്കിനോടുള്ള ആദരസൂചകമായാണ് മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ നടത്തുന്നത്.
യുഎഇയിലെ വലിയ സാംസ്‌കാരിക മേളകളിലൊന്നായ മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ ഇത്തവണ മൂന്ന് വേദികളിലായാണ് സംഘടിപ്പിക്കപ്പെടുന്നത്. നവംബർ 22 മുതൽ 26 വരെ അൽ ദഫ്‌റ മേഖലയിലും നവംബർ 29 മുതൽ ഡിസംബർ 3 വരെ അൽ ഐനിലും ഡിസംബർ 8 മുതൽ ഡിസംബർ 31 വരെ അബുദാബി കോർണിഷിലുമായാണ് നടത്തപ്പെടുക. അൽ ദഫ്‌റ മേഖലയിൽ വെച്ച് മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത് ഇതാദ്യമായാണ്.
1950-1960കളിലെ അമേരിക്കൻ ജീവിതശൈലികളിൽ നിന്ന് പ്രചോദനം ഉൾകൊള്ളുന്ന രീതിയിലാണ് ഇത്തവണത്തെ മേള ഒരുക്കുന്നത്. കുടുംബ വിനോദങ്ങൾ, തത്സമയ പ്രകടനങ്ങൾ, കലാ അനുഭവങ്ങൾ, ആഗോള പാചകരീതികൾ, റീട്ടെയിൽ പോപ്പ്-അപ്പുകൾ തുടങ്ങിയവ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.