ഉംറ വീസാ കാലാവധിയിൽ മാറ്റങ്ങളുമായി ഹജ് ഉംറ മന്ത്രാലയം. ഇനി മുതൽ, ഉംറ വീസ ഇഷ്യു ചെയ്യുന്ന ദിവസം മുതലാണ് വീസാ കാലാവധി ആരംഭിക്കുകയെന്ന് മന്ത്രാലയം അറിയിച്ചു. നേരത്തെ സൗദിയിൽ പ്രവേശിക്കുന്ന ദിവസം മുതൽക്കായിരുന്നു കാലാവധി കണക്കാക്കിയിരുന്നത്. എന്നാൽ പുതിയ മാറ്റം പ്രകാരം ഏതു ദിവസം വീസ കിട്ടിയാലും കാലാവധി അവസാനിക്കുന്നത് എല്ലാ വർഷവും ദുൽഖഅ്ദ 15 ആയിരിക്കും. വിദേശങ്ങളിൽ നിന്നുള്ള ഹജ് തീർഥാടകരുടെ ഒഴുക്ക് കണക്കിലെടുത്താണ് മാറ്റം.
അതേസമയം, ദുൽഖഅ്ദ 29 വരെയായിരുന്ന കാലാവധിയാണ് ഇപ്പോൾ ദുൽഖഅ്ദ 15 ആയി ചുരുക്കിയിരിക്കുന്നത്. പുതിയ വ്യവസ്ഥ പ്രകാരം പതിനാല് ദിവസം നേരത്തെ തന്നെ വീസ കാലാവധി അവസാനിക്കും. ഉംറ വീസ ഇഷ്യു ചെയ്ത് മൂന്ന് മാസം വരെയാണ് കാലാവധി എന്നും ഹജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. പുതിയ ഉത്തരവ് അനുസരിച്ച് ഉംറ വീസയ്ക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിലും ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇനി മുതൽ എല്ലാ വർഷവും ദുൽഹജ് 15 മുതൽ ഉംറ വീസയ്ക്കായി അപേക്ഷിക്കാം.