വാഹനങ്ങളുടെ നിറം മാറ്റുന്നതിനുള്ള വ്യവസ്ഥകൾ സംബന്ധിച്ച് പുതിയ അറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇനി മുതൽ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമേ വാഹനങ്ങളുടെ നിറം മാറ്റാൻ പാടുള്ളുവെന്നും ട്രാഫിക് വകുപ്പിൽ നിന്നുള്ള മുൻകൂർ അനുമതിയില്ലാതെ വാഹനങ്ങളുടെ നിറം മാറ്റിയാൽ പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി.
കുവൈത്തിൽ വാഹനങ്ങളുടെ നിറം മാറ്റുന്നതിനുള്ള വ്യവസ്ഥകൾ ഇപ്രകാരമാണ്. വാഹനങ്ങളുടെ നിറം മാറ്റാൻ ആഗ്രഹിക്കുന്നവർ ഇതിനായി ടെക്നിക്കൽ ഇൻസ്‌പെക്ഷൻ ഡിപ്പാർട്മെന്റിലെ ഇന്റർനാഷണൽ സ്റ്റാൻഡേർഡ്‌സ് സെക്ഷൻ സന്ദർശിച്ച് നിറം മാറ്റുന്നതിനുള്ള അനുമതി നേടുകയാണ് ചെയ്യേണ്ടത്. ഈ ഘട്ടത്തിൽ മാറ്റാൻ ഉദ്ദേശിക്കുന്ന നിറം രേഖപ്പെടുത്തിയിട്ടുള്ള ഒരു സത്യവാങ്മൂലവും ഒപ്പിട്ട് നൽകണം. മുൻകൂർ അനുമതി ലഭിച്ചശേഷം അംഗീകൃത വർക്ക് ഷോപ്പുകളിൽ നിന്ന് വാഹനത്തിന്റെ നിറം മാറ്റാൻ സാധിക്കുന്നതാണ്.
നിറം മാറ്റിയതിന് ശേഷം പരിശോധനയ്ക്കായി വീണ്ടും ടെക്നിക്കൽ ഇൻസ്‌പെക്ഷൻ ഡിപ്പാർട്മെന്റിലെ ഇന്റർനാഷണൽ സ്റ്റാൻഡേർഡ്‌സ് സെക്ഷനിൽ ഹാജരാക്കുകയും തുടർന്ന് വാഹന രജിസ്ട്രേഷനിൽ നിറം മാറ്റം സംബന്ധിച്ച വിവരം രേഖപ്പെടുത്തുന്നതുമാണ്.