ഖത്തറിൽ നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ്. നാളെ ഉച്ചയ്ക്ക് ശേഷം ആകാശം മേഘാവൃതമായിരിക്കും. വൈകുന്നേരം മുതൽ ആഴ്ചയുടെ അവസാനം വരെ രാജ്യത്തിന്റെ ചിലയിടങ്ങളിൽ ഇടിയോടുകുടിയ മഴയുണ്ടാകുമെന്നും അതിനാൽ യാത്രക്കാർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞയാഴ്ച അബു സമ, അൽ ഷഹാനിയ, അൽ കരാന, മികെയ്സ്, അൽ ഉട്ടോറിയ തുടങ്ങി രാജ്യത്തിന്റെ വടക്ക്-തെക്ക് പ്രദേശങ്ങളിൽ മഴ ലഭിച്ചിരുന്നു. തെക്കൻ പ്രദേശങ്ങളിൽ 16 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. അതേസമയം വേനൽക്കാലത്തെ അൽ നത നക്ഷത്രം ഈ മാസം 11ന് ഉദിച്ചതായി അധികൃതർ അറിയിച്ചിരുന്നു. 13 ദിവസമാണ് നക്ഷത്രത്തിന്റെ കാലയളവ്. ഇക്കാലയളവിൽ ഉയർന്ന ചൂടും അന്തരീക്ഷ ഈർപ്പവും തുടരുകയും വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുകയും ചെയ്യും. അതേസമയം അൽ നൂത നക്ഷത്രമുദിച്ച് 6 ദിവസം കഴിയുമ്പോൾ സുഹെയ്ൽ നക്ഷത്രം ഉദിക്കുന്നതോടെ ചൂട് കുറയുമെന്നും അധികൃതർ അറിയിച്ചു.