ആകാശത്ത് ദൃശ്യവിരുന്നൊരുക്കി ഇന്ന് രാത്രി ഉൽക്കമഴ ദൃശ്യമാകും. വർഷം തോറും പെയ്തിറങ്ങുന്ന പെഴ്സീയിഡ്സ് ഉൽക്കകൾ ഇന്ന് അർധരാത്രി മുതൽ പുലർച്ചെ 3വരെ ചന്ദ്രവെളിച്ചമില്ലാത്ത ആകാശത്ത് കൂടുതൽ ശോഭയോടെ തെളിയും. മണിക്കൂറിൽ 50 മുതൽ 100 ഉൽക്കകൾ വരെയാണ് ആകാശത്ത് മിന്നിമറയുക. ഉൽക്ക വർഷം കാണാൻ വിപുലമായ സൗകര്യം ഒരുക്കിയിരിക്കുകയാണ് ഷാർജ മെലീഹ അർക്കിയോളജിക്കൽ സെന്റർ.
വർഷത്തിലെ ദീർഘവും വ്യക്തവുമായ ഉൽക്ക വർഷമാണ് ഇന്ന് ദൃശ്യമാകുക. ഭൂമിയിൽ എല്ലായിടത്തും ഈ ഉൽക്കവർഷം ദൃശ്യമാകും. മെലീഹ ക്യാംപ് സൈറ്റിൽ വൈകുന്നേരം 6 മുതൽ ഉൽക്ക കാഴ്ചകൾ കാണുന്നതിനുള്ള തയാറെടുപ്പുകൾ ആരംഭിക്കും. മരുഭൂമിയുടെ നടുവിൽ ഏറ്റവും അനുയോജ്യമായ പ്രദേശമാണ് ആകാശ പഠനത്തിനായി തയാറാക്കിയിരിക്കുന്നത്. സന്ദർശകർക്ക് ദൂരദർശിനിയിലൂടെ ഉൽക്ക വർഷം കാണുന്നതിനുള്ള സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.