മക്കയിലെ കഅ്ബയുടെ കിസ്‌വ മാറ്റൽ കർമം ഞായറാഴ്‌ച നടക്കും. മുഹറം ഒന്ന് ഹിജ്റ കലണ്ടർ പ്രകാരമുള്ള പുതുവർഷ പുലരിയിലാണ് കഅ്ബയുടെ മൂടുപടം മാറ്റുന്നത്. 900 കിലോഗ്രാം അസംസ്‌കൃത പട്ടുകൊണ്ട് നിർമ്മിച്ച കിസ്‌വയാണ് കഅ്ബാലയത്തെ പുതപ്പിക്കുക. ഇരു ഹറം കാര്യാലയത്തിന് കീഴിലുള്ള കരകൗശല വിദഗ്‌ധരും, വിദഗ്‌ധ തൊഴിലാളികളും ചേർന്നാണ് ചടങ്ങ് പൂർത്തിയാക്കുക. ഹറം കാര്യ മേധാവി ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ കിസ്‌വ മാറ്റൽ ചടങ്ങിൽ പങ്കെടുക്കും.
കറുത്ത പട്ടിൽ സ്വർണനൂലിൽ ആലേഖനം ചെയ്ത കിസ്‌വ പുതച്ചു നിൽക്കുന്ന കഅ്ബയുടെ ദൃശ്യം ഏതൊരു വിശ്വാസിയുടെ മനസിലും മായാതെ തങ്ങിനിൽക്കുന്ന കാഴ്ചയാണ്. 670 കിലോ ഭാരമുള്ള കറുത്ത പട്ടിൽ 120 കിലോ സ്വർണം, 100 കിലോ വെള്ളി നൂലുകൾ കൊണ്ട് ഖുർആൻ സൂക്തങ്ങൾ ആലേഖനം ചെയ്താണ് കിസ്‌വ അലങ്കരിക്കുന്നത്. ചതുരാകൃതിയിലുള്ള 16 ഇസ്ലാമിക് കാലിഗ്രാഫി കഷ്ണങ്ങൾ അടങ്ങിയ ബെൽറ്റിന്റെ ആകെ നീളം 47 മീറ്ററാണ്. കിസ്വയുടെ ഉൾവശത്ത് വെളുത്ത കട്ടി കൂടിയ കോട്ടൻ തുണിയുമുണ്ട്. ആകെ അഞ്ച് കഷ്ണങ്ങൾ അടങ്ങിയതാണ് കിസ്‌വ.
കഅ്ബാലയത്തിന്റെ ഓരോ ഭാഗത്തുമായി ഓരോ കിസ്‌വയുടെ ഭാഗങ്ങൾ തൂക്കിയ ശേഷം പരസ്പരം തുന്നിച്ചേർക്കുകയാണ് ചെയ്യുക. അഞ്ചാമത്തെ ഭാഗം കഅ്ബയുടെ പ്രധാന വാതിലിന് മുന്നിൽ തൂക്കുന്ന കിസ്‌വയുടെ ഭാഗമാണ്. 6.32 മീറ്റർ നീളവും 3.30 മീറ്റർ വീതിയുമാണ് ഇതിനുള്ളത്. 47 മീറ്റർ നീളത്തിലും 95 സെന്റി മീറ്റർ വീതിയിലും 16 കഷ്ണങ്ങളായാണ് ഇവ നിർമ്മിക്കുന്നത്. കഅ്ബയുടെ വാതിൽ വിരിക്ക് ആറര മീറ്റർ നീളവും മൂന്നര മീറ്റർ വീതിയുമുണ്ട്. പഴയ കിസ്‌വയുടെ ഭാഗങ്ങൾ മുസ്ലിം രാജ്യങ്ങൾക്കും പ്രമുഖ വ്യക്തികൾക്കും വിതരണം ചെയ്തുവരാറാണ് പതിവ്.