മക്കയിൽ കഅ്ബാലയത്തെ ഇന്ന് പുതിയ കിസ്‌വ അണിയിക്കും. ഹജ്ജ് കർമ്മങ്ങൾക്കായി ഹാജിമാർ അറഫയിൽ സംഗമിക്കുന്ന ദിവസമാണ് പുതിയ കിസ്‌വ അണിയിക്കുന്ന ചടങ്ങ് നടത്തുന്നത്. കിങ് അബ്ദുൽ അസീസ് കി കോംപ്ലക്സിൽ നിന്ന് പ്രത്യേക ട്രക്കിൽ ഹറമിൽ എത്തിച്ചാണ് കിസ്‌വ അണിയിക്കുക. ഹറം കാര്യ മേധാവി ഡോ. ഷെയ്ഖ് അബ്ദുൽറഹ്മാൻ അൽ സുദൈസ് ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ കിസ്‌വ മാറ്റൽ ചടങ്ങിൽ പങ്കെടുക്കും.
670 കിലോ ഭാരമുള്ള കറുത്ത പട്ടിൽ 120 കിലോ സ്വർണം, 100 കിലോ വെള്ളി നൂലുകൾ കൊണ്ട് ഖുർആൻ സൂക്തങ്ങൾ ആലേഖനം ചെയ്താണ് കിസ്‌വ അലങ്കരിക്കുന്നത്. 850 കിലോ ഭാരമുള്ള കിസ്‌വയ്ക്ക് 2.5 കോടി റിയാലാണ് നിർമ്മാണ ചെലവ് കണക്കാക്കുന്നത്. ചതുരാകൃതിയിലുള്ള 16 ഇസ്ലാമിക് കാലിഗ്രാഫി കഷ്ണങ്ങൾ അടങ്ങിയ ബെൽറ്റിന്റെ ആകെ നീളം 47 മീറ്ററാണ്. കിസ്വയുടെ ഉൾവശത്ത് വെളുത്ത കട്ടി കൂടിയ കോട്ടൻ തുണിയുമുണ്ട്. ആകെ അഞ്ച് കഷ്ണങ്ങൾ അടങ്ങിയതാണ് കിസ്‌വ. കഅ്ബാലയത്തിന്റെ ഓരോ ഭാഗത്തുമായി ഓരോ കിസ്‌വയുടെ ഭാഗങ്ങൾ തൂക്കിയ ശേഷം പരസ്പരം തുന്നിച്ചേർക്കുകയാണ് ചെയ്യുക. അഞ്ചാമത്തെ ഭാഗം കഅ്ബയുടെ പ്രധാന വാതിലിന് മുന്നിൽ തൂക്കുന്ന കിസ്‌വയുടെ ഭാഗമാണ്. 6.32 മീറ്റർ നീളവും 3.30 മീറ്റർ വീതിയുമാണ് ഇതിനുള്ളത്. 47 മീറ്റർ നീളത്തിലും 95 സെന്റി മീറ്റർ വീതിയിലും 16 കഷ്ണങ്ങളായാണ് ഇവ നിർമ്മിക്കുന്നത്. കഅ്ബയുടെ വാതിൽ വിരിക്ക് ആറര മീറ്റർ നീളവും മൂന്നര മീറ്റർ വീതിയുമുണ്ട്.
പഴയ കിസ്‌വയുടെ ഭാഗങ്ങൾ മുസ്ലിം രാജ്യങ്ങൾക്കും പ്രമുഖ വ്യക്തികൾക്കും വിതരണം ചെയ്തുവരാറാണ് പതിവ്. ഹജ്ജ് വേളയിലെ ജനത്തിരക്കിൽ കേടുപാട് സംഭവിക്കാതിരിക്കാൻ കിസ്‌വ ഹറം കാര്യമന്ത്രാലയം നേരത്തെ ഉയർത്തിക്കെട്ടിയിരുന്നു. പുതുതായി കഅ്ബാലയത്തെ അണിയിച്ച കിസ്‌വയും ഉയർത്തിക്കെട്ടും. ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾ അവസാനിക്കുന്നതോടെ വീണ്ടും കിസ്‌വ താഴ്ത്തിയിടുകയാണ് പതിവ്. കറുത്ത പട്ടിൽ സ്വർണനൂലിൽ ആലേഖനം ചെയ്ത കിസ്‌വ പുതച്ചു നിൽക്കുന്ന കഅ്ബയുടെ ദൃശ്യം ഏതൊരു വിശ്വാസിയുടെ മനസിലും മായാതെ തങ്ങിനിൽക്കുന്ന കാഴ്ചയാണ്.