നാളെ കഅ്ബ പുതിയ കിസ്വ അണിയും. ഹിജ്റ കലണ്ടറിലെ ആദ്യമാസമായ മുഹറത്തിലെ ആദ്യ ദിവസമാണ് കഅ്ബയെ പുതിയ കിസ്വ അണിയിക്കുന്നത്. ഇരു ഹറം കാര്യാലയത്തിന് കീഴിലെ കിസ്വ നിർമ്മിക്കുന്നതിന് ചുമതലയുള്ള കിങ് അബ്ദുൽ അസീസ് കിസ്വ നിർമ്മാണ കേന്ദ്രത്തിൽ എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചു. 200 വിദഗ്ധ ജീവനക്കാരുടെ നേതൃത്വത്തിൽ 10 ഘട്ടങ്ങളായി മേൽത്തരം പട്ട് ഉപയോഗിച്ചാണ് കിസ്വ നിർമ്മിച്ചത്.
കിസ്വ നിർമ്മാണത്തിനായി ഏകദേശം 120 കിലോ സ്വർണ്ണ നൂലും 100 കിലോ വെള്ളി നൂലുമാണ് ഉപയോഗിക്കുന്നത്. വസ്ത്രങ്ങൾ കൂട്ടിച്ചേർക്കുന്നതിനും തുന്നുന്നതിനും കൂടാതെ വെള്ളി, സ്വർണ്ണനൂലുകളാൽ ഖുർആൻ വാക്യങ്ങൾ ആലേഖനം ചെയ്യുന്നതിനുമൊക്കെ ലോകത്തിലെ എറ്റവും വിശിഷ്ടമായ ഉപകരണങ്ങളാണ് കേന്ദ്രത്തിൽ ഉപയോഗിക്കുന്നത്.
മന്ത്രിമാർ, അമീർമാർ, വിവിധ രാജ്യങ്ങളിലെ പ്രത്യേകം ക്ഷണിക്കപ്പെട്ട വിശിഷ്ട അതിഥികൾ, നയതന്ത്ര ഉദ്യോഗസ്ഥർ, ഇരു ഹറം കാര്യാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും കിസ്വ അണിയിക്കുന്ന ചടങ്ങിൽ പങ്കെടുക്കും. ഇതിന് മുമ്പ് അറഫ ദിനത്തിലായിരുന്നു പുതിയ കിസ്വ കഅ്ബയിൽ പുതപ്പിച്ചിരുന്നത്.