ഒമാനിൽ പരിപാടി അവതരിപ്പിക്കാൻ കണ്ണൂരിൽ നിന്ന് വിമാനം കയറിയതായിരുന്നു അനു പയ്യന്നൂർ എന്ന കലാകാരൻ.ഒമാനിലെ നിസ്വയിലെ ഇൻറർസിറ്റി ഹോട്ടലിൽ വെള്ളിയാഴ്ച രാത്രി നടന്ന അലോഷ്യസിന്റെ സംഗീത നിശയിലെ കലാകാരനായ അനു പയ്യന്നൂരിന് പക്ഷെ, ഉദ്ദേശിച്ച രീതിയിൽ പരിപാടി അവതരിപ്പിക്കാൻ കഴിഞ്ഞില്ല. അതിന് കാരണം എയർ ഇന്ത്യ എക്സ്പ്രസ്സായിരുന്നു.
സംഭവം ഇങ്ങനെ…
മേയ് 24ന് അർധരാത്രി 12മണിക്ക് കണ്ണൂരിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിലാണ് അനു മസ്കത്തിലേക്ക് തിരിക്കുന്നത്. ഇവിടെ എത്തി ലഗേജ് നോക്കിയപ്പോൾ കണ്ണൂരിൽ നിന്ന് ഹാർമോണിയം പാക്ക് ചെയ്ത ബോക്സ് മാത്രം വന്നിട്ടില്ലെന്ന് മനസ്സിലായി. ബാഗേജ് ഓഫിസിൽ പോയി അന്വേഷിച്ചപ്പോൾ ബോക്സ് കണ്ണൂർ എർപോട്ടിൽ നിന്നും കയറ്റി അയച്ചിട്ടില്ല എന്നായിരുന്നു മറുപടി. ഉടൻ കണ്ണൂർ എർപോർട്ടുമായി ബന്ധപ്പെട്ടപ്പോൾ, ബോക്സ് അവിടെ ഉണ്ടെന്നും പിറ്റേദിവസം കയറ്റി അയക്കാമെന്ന് അധികൃതർ പറഞ്ഞു. ഹാർമോണിയം ഇല്ലാതെ എങ്ങനെ പരിപാടി അവതരിപ്പിക്കും? അവസാനം സംഘാടകരുടെയും മറ്റും സഹായത്താൽ മറ്റൊരു ഹാർമോണിയം സംഘടിപ്പിച്ച് പരിപാടിയിൽ പങ്കെടുത്തു.
ഒടുവിൽ ഹാർമോണിയം തിരിച്ചു കിട്ടി. പക്ഷെ, കെടുപാടുകൾ സംഭവിച്ചിരുന്നു. അനു സമൂഹ മാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെയാണ് ‘ ഒരല്പം പൊട്ടലോടെയാണെങ്കിലും പെട്ടി തിരിച്ചു കിട്ടിയിട്ടുണ്ട്. പെർഫോം ചെയ്യാൻ പറ്റാത്ത കലാകാരന്റെ സങ്കടം എയർ ഇന്ത്യ ജീവനക്കാർക്ക് മനസിലാകും എന്ന് കരുതുന്നില്ല. മറ്റൊരു ഓപ്ഷനും ഇല്ലെങ്കിൽ ഇനിയും നിങ്ങളുടെ വിമാനത്തെ ആശ്രയിച്ചേക്കാം.
ഒരു കലാകാരനോടും ഇത്തരത്തിലുള്ള പ്രവൃത്തി എയർ ഇന്ത്യ എക്സ്പ്രസ് ചെയ്യരുത്. ഹാർമോണിയം കിട്ടാത്തത് പരിപാടിയിൽ കലാകാരന്റെ പ്രകടനത്തെ സാരമായി ബാധിച്ചുവെന്ന് അലോഷ്യസ് പറഞ്ഞു. വിഷയം സാമൂഹമാധ്യമങ്ങളിലൂടെ അനു പയ്യന്നൂർ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. എയർ ഇന്ത്യ എക്സ്പ്രസിനെതിരെ നിയമ നടപടി സ്വീകരിക്കുന്നതടക്കമുള്ള കാര്യങ്ങൾ ആലോചിക്കണമെന്നാണ് പലരും കമന്റിലൂടെ ആവശ്യപ്പെടുന്നത്.