വാഹന പ്രേമികൾ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2023 ജനീവ ഇന്റർനാഷണൽ മോട്ടർ ഷോയ്ക്ക് (ജിംസ്) ഖത്തർ വേദിയാകും. ഒക്ടോബർ 5 മുതൽ 14 വരെ ദോഹ എക്സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഷോയിൽ ആഗോള തലത്തിൽ മുൻപന്തിയിൽ നിൽക്കുന്ന 30 വാഹന ബ്രാന്റുകൾ പങ്കെടുക്കും. ജനീവ ഇന്റർനാഷണൽ മോട്ടർ ഷോയ്ക്ക് ആദ്യമായാണ് ഖത്തർ വേദിയാകുന്നത്.
ആദ്യമായാണ് സ്വിറ്റ്സർലൻഡിന് പുറത്ത് ഷോ സംഘടിപ്പിക്കപ്പെടുന്നത്. വിപണിയിലെ പുത്തൻ മോഡലുകളാണ് മോട്ടർ ഷോയിലെ ആകർഷകമായ ഘടകങ്ങൾ. 10 പ്രീമിയർ വാഹനങ്ങളാണ് ഷോയിൽ അവതരിപ്പിക്കുന്നത്. ഷോയുടെ ഭാഗമായി രാജ്യത്തുടനീളം 5 കേന്ദ്രങ്ങളിലായി സന്ദർശകർക്ക് കാഴ്ചയുടെ പുത്തൻ അനുഭവങ്ങൾ പകരുന്ന വിവിധ പരിപാടികളും സംഘടിപ്പിക്കപ്പെടും.
മോട്ടർ ഷോയ്ക്ക് പിന്നാലെ ഒക്ടോബർ 6 മുതൽ 8 വരെ ലുസെയ്ൽ സർക്യൂട്ടിൽ ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രി നടക്കുന്നത് കാറോട്ട മത്സരത്തോട് താത്പര്യമുള്ളവർക്ക് ആവേശം പകരുന്നതാണ്. ഫിഫ ലോകകപ്പിന് വേദിയായതിന് പിന്നാലെയാണ് മോട്ടർ ഷോ, ഫോർമുല വൺ ഉൾപ്പെടെ രാജ്യാന്തര ഇവന്റുകൾക്ക് ഖത്തർ ആതിഥേയത്വം വഹിക്കുന്നത്.