ഖത്തർ ലുസെയിൽ ഇന്റർനാഷണൽ സർക്യൂട്ടിലെ ഫോർമുല വൺ ഗ്രാൻഡ് പ്രി കാറോട്ട മത്സരം നാളെ ആരംഭിക്കും. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ലുസെയ്ൽ സർക്യൂട്ടിൽ ഒക്ടോബർ 8 വരെയാണ് മത്സരം നടത്തപ്പെടുക.
ഒക്ടോബർ 6, 7 തീയതികളിൽ ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണി വരെയും 8ന് ഉച്ചയ്ക്ക് 3 മണി മുതൽ രാത്രി 11 മണി വരെയുമാണ് സർക്യൂട്ടിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. വിനോദ പരിപാടികളിലേയ്ക്ക് മത്സരത്തിന് ശേഷം മാത്രമായിരിക്കും പ്രവേശനം ലഭിക്കുക.
സർക്യൂട്ടിന് ചുറ്റും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അധികൃതർ പ്രത്യേക ട്രാഫിക് പ്രോട്ടോക്കോൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ടിക്കറ്റ് ഉടമകൾ പൊതുഗതാഗത സൗകര്യങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അധികൃതർ നിർദേശിച്ചു.
മത്സരം നടക്കുന്ന 3 ദിവസവും പൊതുഗതാഗത കമ്പനിയായ മൊവസലാത്ത് സർക്യൂട്ടിലേക്ക് സൗജന്യ ബസ് സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സര ദിനങ്ങളിൽ ദോഹ മെട്രോ, ലുസെയ്ൽ ട്രാം എന്നിവയുടെ സർവീസുകൾ പുലർച്ചെ 3 മണി വരെയാക്കി ഉയർത്തിയിട്ടുമുണ്ട്.