ഈ വർഷത്തെ ഹജ്ജ് സീസണിന് തുടക്കം കുറിച്ച് വിദേശത്ത് നിന്നുള്ള ആദ്യ തീർത്ഥാടക സംഘം മദീനയിലെത്തി. ഇന്ത്യയിൽ നിന്നുള്ള 283 തീർത്ഥാടകരാണ് മദീനയിലെത്തിയത്. സൗദി ഹജ്ജ് – ഉംറ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഹൈദരാബാദിൽ നിന്നുള്ള തീർത്ഥാടക സംഘം സൗദിയ എയർലൈൻസ് വിമാനത്തിലാണ് എത്തിയത്. സൗദി ട്രാൻസ്‌പോർട് ആന്റ് ലോജിസ്റ്റിക്സ് സർവീസസ് വകുപ്പ് മന്ത്രി എൻജിനീയർ സലേഹ് അൽ ജാസർ വിമാനത്താവളത്തിലെത്തി തീർത്ഥാടകരെ സ്വീകരിച്ചു. ഈ വർഷം 1,75,025 തീർത്ഥാടകരാണ് ഇന്ത്യയിൽ നിന്നും ഹജ്ജിനെത്തുക. ഇതിൽ 1,40,20 പേർ കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴിയും 35,005 പേർ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ വഴിയുമാണ് എത്തുക.
ഈ വർഷം വിദേശത്ത് നിന്ന് ഹജ്ജ് തീർത്ഥാടകരുമായി എത്തുന്ന 7,700 വിമാനങ്ങളെ സ്വീകരിക്കുന്നതിനായി സൗദി അറേബ്യയിലെ ആറ് വ്യത്യസ്ത വിമാനത്താവളങ്ങൾ ഒരുങ്ങിയതായും തീർത്ഥാടകർക്കായി ആവശ്യമായ സൗകര്യങ്ങൾ ഉറപ്പുവരുത്തിയതായും അധികൃതർ വ്യക്തമാക്കി.