കുവൈത്ത് മംഗഫിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൻ്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് റിപ്പോർട്ടുകൾ. ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ നിന്ന് തീ ഗ്യാസ് സിലിണ്ടറില്‍ പടരുകയും പൊട്ടിതെറിക്കുകയും ആയിരുന്നെന്നാണ് പ്രാഥമിക നിഗമനം. ഏഴു നിലകെട്ടിടത്തിൻ്റെ താഴത്തെ നിലയിൽ നിന്നാണ് തീപടർന്നത്.
പുലർച്ചെ നാല് മണിയോടെയാണ് സംഭവം. കെട്ടിടത്തിൽ ഉണ്ടായിരുന്നവർ ഭൂരിഭാഗവും ഉറക്കത്തിലായിരുന്നത് അപകടത്തിൻ്റെ ആക്കം കൂട്ടി. പൊള്ളലേറ്റവരില്‍ പലരും രക്ഷപ്പെടുന്നതിനായി കെട്ടിടത്തില്‍ നിന്ന് ചാടിയിരുന്നു, ഇവർക്കും ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്.
നിമിഷങ്ങൾക്കൊണ്ട് കെട്ടിടത്തെ തീ വിഴുങ്ങുകയായിരുന്നു. തീ പിടിക്കുന്ന വസ്തുക്കൾകൊണ്ട് മുറികൾ വിഭജിച്ചിരുന്നത് തീ ആളിപ്പടരുന്നതിന് കാരണമായി. പടികളിലൂടെ ഓടി രക്ഷപെടാൻ ശ്രമിച്ചവർ പുക ശ്വസിച്ച് കുഴഞ്ഞുവീണു. ബാൽക്കണിക്ക് സമീപം അഭയം തേടിയ ചിലരെ ഫയർഫോഴ്സിന് രക്ഷപെടുത്താനായി
മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന ഉൾപ്പടെ നടത്താനാണ് തീരുമാനം. നാല് ആശുപത്രികളിലായാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. 30ഓളം ഇന്ത്യക്കാര്‍ ചികിത്സയിലുണ്ടെന്നാണ് വിവരം.പരുക്കേറ്റവരിൽ മിക്കവരും അപകടനില തരണം ചെയ്തിട്ടുണ്ട്.
മലയാളിയായി കെ.ജി എബ്രഹാമിൻ്റെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനിയുടെ തൊഴിലാളി ക്യാമ്പിലാണ് അപകടമുണ്ടായത്. ഇന്ത്യന്‍ അംബാസിഡന്‍ ആദര്‍ഷ് ഷെയ്ഖ, വിദേശകാര്യ സഹമന്ത്രി കീർത്തിവർദ്ധൻ സിംഗ് എന്നിവർ സ്ഥലം സന്ദർശിച്ചു. മരണമടഞ്ഞവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ അടിയന്തിര സഹായം അനുവദിച്ചിട്ടുണ്ട്.
സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച കൊണ്ട് 196 പേരെയാണ് കെട്ടിടത്തില്‍ താമസിപ്പിച്ചിരുന്നതെന്നാണ് റിപ്പോർട്ടുകൾ. സംഭവ സ്ഥലം സന്ദര്‍ശിച്ച കുവൈറ്റ് ഉപപ്രധാനമന്ത്രിയും ആഭ്യമന്ത്രിയുമായ ഷെയ്ഖ് ഫഹദ് കര്‍ശനമായ നടപടിക്ക് ഉത്തരവിട്ടിട്ടുണ്ട്.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയൻ, വിദേശകാര്യമന്ത്രി എസ് ജയശങ്കർ എന്നിവർ അനുശോചനം രേഖപ്പെടുത്തിയിരുന്നു.