ദുബായിൽ നടക്കുന്ന കോപ് 28 ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ ഫെയ്ത്ത് പവലിയൻ തുറന്നു. കാലാവസ്ഥ ഉച്ചകോടിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു പവലിയൻ ആരംഭിക്കുന്നത്. വിവിധ മത നേതാക്കളുടെ സാന്നിധ്യത്തിൽ യുഎഇ സഹിഷ്‌ണുതാകാര്യ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പവലിയൻ ഉദ്ഘാടനം ചെയ്തു.
കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കാൻ വിശ്വാസ സമൂഹത്തെയും മതസ്ഥാപനങ്ങളെയും അണിനിരത്തുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഫ്രാൻസിസ് മാർപ്പാപ്പ, അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹമ്മദ് അൽ തയിബ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ വീഡിയോയിലൂടെ സദസിനെ അഭിസംബോധന ചെയ്‌തു. കാലാവസ്ഥ ഉച്ചകോടിയിൽ മാർപ്പാപ്പയ്ക്ക് പങ്കെടുക്കാൻ സാധിക്കാതിരുന്നതിനാൽ പ്രതിനിധി ചടങ്ങിൽ പങ്കെടുത്തു.
കോപ് 28-ലെ ക്ലൈമറ്റ്, റിലീഫ്, റിക്കവറി, പീസ് പ്രമേയത്തെ 74 രാജ്യങ്ങളും 40 അന്താരാഷ്ട്ര സംഘടനകളും പിന്തുണച്ചു. ഉഷ്‌ണമേഖലാ രാജ്യങ്ങളിലെ രോഗപ്രതിരോധത്തിനായി ഉച്ചകോടിയിൽ വെച്ച് വിവിധ രാജ്യങ്ങൾ ചേർന്ന് 777 ദശലക്ഷം ഡോളർ പ്രഖ്യാപിച്ചു. യമനിലെയും 39 ആഫ്രിക്കൻ രാജ്യങ്ങളിലെയും റിവർ ഡിസീസ് പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ യുഎഇ 100 മില്യൺ ഡോളറും പ്രഖ്യാപിച്ചിട്ടുണ്ട്.