പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പ്രവാസി വിടവാങ്ങി. കുടുംബത്തോടൊപ്പമുള്ള അസുലഭ മുഹൂർത്തങ്ങൾ സ്വപ്നം കണ്ടിരുന്ന മുംബൈ താന സ്വദേശി ശൈഖ് മുഹമ്മദ് തൽഹയാണ് വാഹനാപകടത്തിൽ മരണപ്പെട്ടത്.
ജിദ്ദ അമീർ ഫൈസൽ സ്ട്രീറ്റിലെ റോഡ് മുറിച്ചുകടക്കവെ മുഹമ്മദിനെ അതിവേഗത്തിലെത്തിയ ഒരു കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇൻജാസ് മണി എക്സ്ചേഞ്ചിന് മുന്നിലെ സർവീസ് റോഡിൽ വെച്ചായിരുന്നു അപകടം. ഉടൻ അശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വർഷങ്ങൾക്ക് മുമ്പ് ഗൾഫിലെത്തിയ മുഹമ്മദ് തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ചത് പ്രവാസിയായി ആയിരുന്നു. ബാക്കിയുള്ള ജീവിതം കുടുംബത്തോടൊപ്പമാകണമെന്ന ആഗ്രഹത്താൽ നാട്ടിലേയ്ക്ക് മടങ്ങാനിരിക്കെയായിരുന്നു അപകടം.