ദുബായ് ഹത്ത ഫെസ്റ്റിവലിന് ഇന്ന് തുടക്കം. മൂന്നാമത് ദുബായ് ഡെസ്റ്റിനേഷൻസ് ശീതകാല പ്രചാരണപരിപാടികളുടെ ഭാഗമായാണ് ഹത്ത ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ദുബായ് മീഡിയ ഓഫീസിന് കീഴിലുള്ള ബ്രാന്റ് ദുബായ് സംഘടിപ്പിക്കുന്ന ഫെസ്റ്റ് ഡിസംബർ 31 വരെ നീണ്ടുനിൽക്കും.
ഹത്തയുടെ വികസനത്തിന് നേതൃത്വം നൽകുന്ന സുപ്രീം കമ്മിറ്റിയുമായി ചേർന്നാണ് ബ്രാൻഡ് ദുബായ് ഹത്ത ഫെസ്റ്റിവൽ ഒരുക്കുന്നത്. ദുബായിലെ പർവ്വതമേഖലയിലെ തനതായ സാംസ്കാരിക, കായിക, വിനോദക്കാഴ്ചകൾ ഉൾപ്പെടുന്നതാണ് ഹത്ത ഫെസ്റ്റിവൽ. ഹത്തയിൽ പുതിയതായി ഒരുക്കിയിട്ടുള്ള ലീം ലേക്ക്, ഹത്ത വാദി ഹബ് എന്നിവിടങ്ങളിലാണ് ഈ മേള സംഘടിപ്പിക്കുന്നത്. ഹത്തയിലെ മലനിരകൾക്കിടയിൽ മൂന്ന് ഹെക്ടറിൽ ഒരുക്കിയിട്ടുള്ള തടാകമാണ് ലീം ലേക്ക്.
ദുബായിലെ പ്രധാനപ്പെട്ട ടൂറിസം അനുഭവങ്ങൾ, വിനോദകേന്ദ്രങ്ങൾ എന്നിവയെ ലോകത്തിന് മുമ്പിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ദുബായ് ഡെസ്റ്റിനേഷൻസ് ശീതകാല പ്രചാരണപരിപാടികൾ സംഘടിപ്പിക്കുന്നത്.