ദുബായ് എയർ ഷോയുടെ 18-ാമത് പതിപ്പിന് ഇന്ന് തുടക്കം. ദുബായ് വേൾഡ് സെന്ററിലെ എയർ ഷോ വേദിയിൽ വെച്ചാണ് വ്യോമയാന മേഖലയിലെ പുത്തൻപ്രവണതകൾ തുറന്നുകാട്ടുന്ന വ്യോമപ്രദർശനം സംഘടിപ്പിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർത്തൃത്വത്തിലാണ് പ്രദർശനം നടത്തുന്നത്. നവംബർ 17 വരെ നീണ്ടുനിൽക്കുന്ന എയർ ഷോയിൽ 180-ലധികം വിമാനങ്ങളാണ് പങ്കെടുക്കുന്നത്.
ദുബായ് എയർപോർട്ട്സ്, ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി, യുഎഇ പ്രതിരോധ മന്ത്രാലയം, ദുബായ് ഏവിയേഷൻ എൻജിനീയറിങ്ങ് പ്രോജക്ട്സ്, യുഎഇ സ്പേസ് ഏജൻസി തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ദുബായ് എയർ ഷോ സംഘടിപ്പിക്കുന്നത്. 95 രാജ്യങ്ങളിൽ നിന്നുള്ള 1,400ലധികം പ്രദർശകരും 300-ലധികം പ്രഭാഷകരും പരിപാടിയിൽ പങ്കെടുക്കും. ആഗോളതലത്തിൽ തന്നെ വ്യോമയാന മേഖലയിൽ ശ്രദ്ധയാകർഷിക്കപ്പെട്ട എയർഷോയാണിത്. ‘ദ് ഫ്യൂച്ചർ ഓഫ് ദി എയ്‌റോസ്‌പേസ് ഇൻഡസ്ട്രി’ എന്ന പ്രമേയത്തിലൂന്നിയാണ് ഈ വർഷം ഷോ നടത്തപ്പെടുന്നത്.
ഒരു ലക്ഷത്തിലധികം സന്ദർശകരെയാണ് ഷോയിൽ പ്രതീക്ഷിക്കുന്നത്. സന്ദർശകർക്ക് വ്യോമയാന മേഖലയിൽ നിന്നുള്ള അതിനൂതന സാങ്കേതികവിദ്യകൾ, പുതിയ ആശയങ്ങൾ തുടങ്ങിയവ അടുത്തറിയാനുള്ള അവസരമാണ് ദുബായ് എയർ ഷോയിലൂടെ സംഘാടകർ ഒരുക്കുന്നത്. കഴിഞ്ഞവർഷം 74 ബില്യൻ ഡോളറിന്റെ ഇടപാടുകളായിരുന്നു എയർ ഷോയിൽ നടന്നത്.