ഒരുപാട് സ്വപ്നങ്ങൾ കണ്ട് നിർമ്മിച്ച വീട് തകർന്നു കിടക്കുന്ന കാഴ്ച കണ്ട് സഹിക്കാനാകാത്ത അവസ്ഥയിലാണ് ഒരു കുടുംബം. ഒരായുസിന്റെ അധ്വാനം ഒരു നിമിഷംകൊണ്ട് നശിച്ചപ്പോൾ തൃപ്പൂണിത്തുറ ചൂരക്കാട് ശ്രീവിലാസിൽ ശ്രീനാഥും ഭാര്യ ശ്രീലക്ഷ്മിയും നിസഹായരാണ്. ഇന്നലെ രാവിലെ തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിന് സമീപം നടന്ന സ്‌ഫോടനത്തിലാണ് ശ്രീനാഥിന്റെ വീട് ഭാഗികമായി തകർന്നത്. ഒരുപാട് സ്വപ്നങ്ങളോടെ ഞായറാഴ്ചയായിരുന്നു വീടിന്റെ ഗൃഹപ്രവേശനം നടത്തിയത്.
അപകട സമയത്ത് ശ്രീനാഥും കുടുംബവും വീട്ടിൽ ഉണ്ടായിരുന്നില്ല. സ്ഫോടന വിവരമറിഞ്ഞ് തിരിച്ചെത്തിയപ്പോൾ കാണുന്നത് മുറ്റത്തും വീടിനുള്ളിലുമെല്ലാം ചില്ലുകളും ഓടുകളും ചിതറിക്കിടക്കുന്നതാണ്. വീടിന്റെ ഭിത്തി ഒഴികെ ജനലുകളും വാതിലും മേൽക്കൂരയടക്കം എല്ലാം തകർന്നു. ബാൽക്കണിയുടെ വാതിലിന്റെ പൂട്ട് ഉൾപ്പെടെയാണ് നശിച്ചത്. കൂടാതെ ബാൽക്കണിയിൽ നൽകിയിരുന്ന ഗ്ലാസ് ഹാന്റ്റെയിലും തവിടുപൊടിയായി. കട്ടളയുടെ ചില ഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനായി ലോൺ എടുത്താണ് ശ്രീനാഥ് തങ്ങളുടെ സ്വപ്നക്കൂട് പണിതുയർത്തിയത്. നിർമ്മാണം പൂർത്തിയായതോടെ കയ്യിലെ പണവും തീർന്നു. ഇനിയും ഒരുപാടു പണം മുടക്കിയെങ്കിൽ മാത്രമേ വീട്ടിൽ ഇനി താമസിക്കാൻ സാധിക്കൂ എന്നതാണ് അവസ്ഥ. എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ഇപ്പോൾ ശ്രീനാഥും കുടുംബവും.