വിവിധ കുറ്റകൃത്യങ്ങളിൽ അകപ്പെട്ട യുഎഇ പൗരനും ഭാര്യക്കും 66 വർഷം തടവും 39 ദശലക്ഷം ദിർഹം പിഴയും ചുമത്തി. കൂടാതെ ഇവർക്കൊപ്പം പ്രതി ചേർക്കപ്പെട്ട 16 പേർക്ക് മൂന്ന് മുതൽ 15 വർഷം വരെ തടവും 13 മില്യൺ ദിർഹം പിഴയുമാണ് ചുമത്തിയത്. അബുദാബി കാസേഷൻ കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്.
പൊതുമുതൽ നശിപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ, കൈക്കൂലി, കൊള്ളലാഭം, വാണിജ്യ വഞ്ചന, ക്രമക്കേട് എന്നിവയുൾപ്പെട്ട 12 കേസുകളിലാണ് യുഎഇ പൗരനും ഭാര്യയും ഉൾപ്പെടെ 18 പേരെ ശിക്ഷിച്ചത്. സ്വകാര്യ ഗോഡൗണുകൾ സ്ഥാപിച്ച് കാലഹരണപ്പെട്ട ഭക്ഷണസാധനങ്ങളും മറ്റ് ഉപഭോക്തൃ സാമഗ്രികളും സംഭരിക്കുകയും കാലാവധി കഴിഞ്ഞ ഉല്പന്നങ്ങളുടെ ലേബൽ മാറ്റി വീണ്ടും വിൽപന നടത്തുകയും ചെയ്തുവെന്ന കുറ്റവും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും ഹാനികരമായേക്കാവുന്ന കടുത്ത കുറ്റമായി വിലയിരുത്തിയാണ് പ്രതികളെ ശിക്ഷിച്ചത്. വരും ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ വകുപ്പുകളുടെ മേൽനേട്ടത്തിൽ പരിശോധനകൾ വ്യാപകമാക്കുമെന്നും നിയമലംഘകർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.