കുവൈത്തിലെ മംഗഫിലിൽ ആറുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 23 മലയാളികൾ ഉൾപ്പെടെ 49 പേർക്ക് ജീവൻ നഷ്ടമായതിൽ പ്രതികരണവുമായി കമ്പനി ഉടമ. ദുരന്തം തീർത്തും ദൗർഭാഗ്യകരമണെന്നും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും എൻബിടിസി എം ഡി കെ ജി എബ്രഹാം പറഞ്ഞു.
മരിച്ചവരുടെ കുടുംബങ്ങളുമായി കമ്പനി നിരന്തരം ബന്ധപ്പെടുന്നുണ്ട്. കമ്പനിയുടെ വീഴ്‌ച്ച കൊണ്ടല്ല ദുരന്തമെങ്കിലും അപടത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ ഭാഗത്ത് നിന്ന് എട്ട് ലക്ഷം രൂപ വീതം മരിച്ചവരുടെ കുടുംബങ്ങൾക്ക് നൽകും. ഇതിന് പുറമേ നാല് വർഷത്തെ ശമ്പളത്തിന് തുല്യമായ തുകയും കുടുംബാംഗങ്ങൾക്ക് കൈമാറും.
ഷോർട്ട് സർക്യൂട്ടാണ് അപകടത്തിലേക്ക് വഴിവെച്ചതെന്നും കെ ജി എബ്രഹാം പറഞ്ഞു. ചികിത്സയിൽ കഴിയുന്ന 40 പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും കെജി എബ്രഹാം അറിയിച്ചു. അപകടമുണ്ടായ കെട്ടിടം ലീസിന് എടുത്തതാണെന്നും അനുവദനീയമായതിൽ കൂടുതൽ ആളുകളെ പാർപ്പിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എൻബിടിസി ഗ്രൂപ്പിന്റെയും കേരളം കേന്ദ്രമായ കെജിഎ ഗ്രൂപ്പിന്റെയും മാനേജിങ് ഡയറക്ടറാണ് കെ ജി എബ്രഹാം.