വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ അപ്പീൽ യെമൻ സുപ്രീം കോടതി തള്ളിയെന്ന് കേന്ദ്രസർക്കാർ. സ്ത്രീയെന്ന പരിഗണന നല്‍കി വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യുകയോ വിട്ടയയ്ക്കുകയോ വേണമെന്ന് നിമിഷയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. യമനിലെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് അപ്പീല്‍ കോടതിയെ സമീപിച്ചത്.
നിമിഷയുടെ അപ്പീൽ തള്ളിയെന്ന് കേന്ദ്ര സർക്കാർ ദില്ലി ഹൈക്കോടതിയെയാണ് അറിയിച്ചത്. നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച് അമ്മ നൽകിയ ഹർജി അപേക്ഷയായി സർക്കാരിന് നൽകാനും നിർദേശം നൽകി. കഴിഞ്ഞ മാസമാണ് ഇത് സംബന്ധിച്ച ഹർജി ദില്ലി ഹൈക്കോടതിയുടെ മുന്നിലെത്തിയത്.
യമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സനയിലെ ജയിലില്‍ കഴിയുകയാണ് പാലക്കാട് സ്വദേശിനി നിമിഷ പ്രിയ. കൊല്ലപ്പെട്ട യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയുടെ ബന്ധുക്കളും പ്രദേശവാസികളും കോടതിക്ക് മുന്നില്‍ പ്രതിഷേധവുമായെത്തിയിരുന്നു. നൂറുകണക്കിനാളുകളാണ് നിമിഷപ്രിയയുടെ വധശിക്ഷ വിധി ശരിവെക്കണമെന്നാവശ്യപ്പെട്ട് കോടതിക്ക് മുന്നിലെത്തിയത്.