ഒരു കുടുംബത്തെ മുഴുവൻ കണ്ണീരിലാഴ്ത്തി പ്രവാസികളായ സഹോദരങ്ങൾ വിടവാങ്ങി. എപ്പോഴും കൂടെയുണ്ടാകുമെന്ന് കരുതിയ അനുജന്റെ മൃതദേഹം കണ്ടുനിൽക്കാനാകാതെ ജ്യേഷ്ഠൻ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി കൊല്ലം താഴെമണിക്കലാത്ത് ഹൗസിൽ ടെറി മാസിഡോ (46), ജ്യേഷ്ഠൻ കെന്നി മാസിഡോ (52) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും വേർപാട് താങ്ങാനാകാത്ത അവസ്ഥയിലാണ് കുടുംബം.
റിയാദ് എയർപ്പോർട്ട് റോഡിലെ മദ്രീം ഇൻറർനാഷനൽ ഹോട്ടലിൽ ഷെഫ് ആയിരുന്ന ടെറി ഹൃദയാഘാതത്തേത്തുടർന്നാണ് മരണപ്പെട്ടത്. അനുജന്റെ മരണവിവരമറിഞ്ഞ് ബഹ്റൈനിലായിരുന്ന കെന്നി നാട്ടിലെത്തുകയും കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങുകയും ചെയ്തു. തുടർന്ന് വീട്ടിൽ മൃതദേഹത്തിനരികെ ഇരിക്കവെ കെന്നി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ഡ്യൂട്ടിക്ക് ശേഷം താമസസ്ഥലത്ത് വിശ്രമിക്കവെ നെഞ്ചുവേദന അനുഭവപ്പെട്ടതിനേത്തുടർന്ന് ഫെബ്രുവരി 29നാണ് ടെറിയെ ആസ്റ്റർ സനദ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ അധികംവൈകാതെ അദ്ദേഹം മരണപ്പെടുകയായിരുന്നു. ഇതറിഞ്ഞ് റിയാദിലേക്ക് വരാൻ ശ്രമിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ കെന്നിക്ക് അത് സാധിക്കാത്തതിനേത്തുടർന്ന് നാട്ടിലേയ്ക്ക് വരികയും അനുജന്റെ മൃതദേഹം ഏറ്റുവാങ്ങുകയുമായിരുന്നു. ഇരുവരുടെയും അപ്രതീക്ഷിതമായ വിയോഗം കുടുംബത്തെയും ഒരു നാടിനെ മുഴുവനും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.